ദുരിതക്കയത്തിൽ രക്ഷകരായവർക്ക് നന്ദി പറഞ്ഞും, ദുരിത അനുഭവങ്ങൾ പങ്കുവെച്ചും സിനിമ താരങ്ങൾ….

August 23, 2018

പ്രളയത്തിൽ അകപ്പെട്ടവരെ തന്റെ സ്വന്തം വീട്ടിലോട്ട് ക്ഷണിച്ച് കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസ് രംഗത്തെത്തിയിരുന്നു.  വീട്ടിൽ വൈദ്യതി ഇല്ലെന്നൊഴിച്ചാൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും സ്വന്തം വീടുകളിൽ ദുരിതമനുഭവിക്കുന്നവർക്ക് തന്റെ വീടുകളിലേക്ക് വരാമെന്നും താരം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ടൊവിനൊക്കൊപ്പം ദുരിതത്തിലാണ്ട കേരള ജനതയെ കൈപിടിച്ചുയർത്താൻ നിരവധി താരങ്ങളും രംഗത്തെത്തിയിരുന്നു. താരപരിവേഷങ്ങളില്ലാതെ സാമ്പത്തികമായും മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും കേരളത്തിനോട് ചേർന്നുനിന്ന നിരവധി താരങ്ങൾക്കൊപ്പം ദുരിതത്തിൽ തങ്ങൾക്ക് സഹായമായ നാട്ടുകാർക്കും രക്ഷാപ്രവർത്തകർക്കും നന്ദിയുമായി എത്തിയിരിക്കുകയാണ് ചില താരങ്ങൾ.

നടൻ സലിം കുമാറിന്റെ  വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് സലിംകുമാറും കുടുംബവും അയല്‍ക്കാരും ഉള്‍പ്പെടെ 32 പേരെയാണു രക്ഷാപ്രവർത്തകർ രക്ഷിച്ചത്. മാലിപ്പുറം സ്വദേശി കൈതവളപ്പില്‍ സുനിലിന്റെ നേതൃത്വത്തില്‍ ഉള്ള രക്ഷാപ്രവർത്തകരാണ് ഇവർക്ക് തുണയായത്. സലിംകുമാറിന്റെ വീട്ടില്‍നിന്നു രണ്ടു ഫൈബര്‍ വള്ളങ്ങളില്‍ ആണ്  ഈ 32 പേരെയും രക്ഷപ്പെടുത്തിയത്. വെള്ളം ക്രമാതീതമായി ഉയരുന്നതു കണ്ടു സുരക്ഷിതത്വം തേടി സലിംകുമാറിന്റെ വീട്ടിലേക്ക് നിരവധി ആളുകൾ  എത്തുകയായിരുന്നു. എന്നാല്‍ വെള്ളം വീണ്ടും ഉയര്‍ന്നതോടെ വീട്ടില്‍ നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. ഇത് കേട്ട് എത്തിയ രക്ഷാപ്രവര്‍ത്തകരാണ് താരത്തെയും കൂട്ടരെയും രക്ഷിച്ചത്. എന്നാൽ തന്റെയും കുടുംബത്തിന്റെയും ജീവൻ രക്ഷിച്ച രക്ഷാപ്രവർത്തകനെത്തേടി എത്തിയിരിക്കുകയാണ് താരമിപ്പോൾ.

മറ്റ് നിരവധി താരങ്ങളുടെ വീടുകളിലും വെള്ളം കയറി താമസം മാറ്റേണ്ടിവന്നിരുന്നു. നടൻ പൃഥ്വിരാജിന്റെ വീട്ടിൽ വെള്ളം കയറി, നടി മല്ലിക സുകുമാരൻ  വീട്ടിൽ കുടുങ്ങിയതിനെത്തുടർന്ന് രക്ഷാപ്രവത്തകർ വീട്ടിലെത്തി  താരത്തെ രക്ഷപെടുത്തുകയായിരുന്നു.

നടൻ ധർമ്മജന്റെ വീട്ടിലും വെള്ളം കയറി താമസം മാറ്റേണ്ടി വന്നു. രണ്ട് നില വീടായിരുന്നിട്ടും കഴുത്തറ്റം വെള്ളം കയറിയ താരം സോഷ്യൽ മീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ പിന്നീട് രക്ഷാപ്രവർത്തകരെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയായിരുന്നു.

നടൻ ജോജുവിന്റെ തൃശൂരിലുള്ള മാളയിലെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് നടനും കുടുംബവും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും താരം പങ്കുവെച്ച വീഡിയോ കാണാം..


കലാഭവൻ മണിയുടെ ചാലക്കുടിയിലെ വീട്… തുടങ്ങി കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന് ഇരയായായവരായി നിരവധി താരങ്ങളാണ് തങ്ങളുടെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.