വീണ്ടും മണവാളൻ; സലിം കുമാറിന്റെ രസകരമായ കോമഡി സ്കെച്ച് വിഡിയോയുമായി നെറ്റ്ഫ്ലിക്സ്

August 10, 2022

സലിം കുമാറിന്റെ രസകരമായ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് ഇന്ത്യ തങ്ങളുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഒരു വിഡിയോയാണ് ഇത്.

സലിം കുമാർ നെറ്റ്ഫ്ലിക്സായിരുന്നെങ്കിലോ എന്ന് ചോദിച്ചു കൊണ്ട് സ്ട്രീമിംഗ് സർവീസ് പങ്കുവെച്ച വിഡിയോയാണ് ഇപ്പോൾ ആളുകൾ വലിയ രീതിയിൽ ഏറ്റെടുത്തിരിക്കുന്നത്. ആളുകളെ പൊട്ടിച്ചിരിപ്പിക്കുകയാണ് ഈ കോമഡി സ്കെച്ച് വിഡിയോയിലൂടെ സലിം കുമാർ. ആളുകൾ നെറ്റ്ഫ്ലിക്സ് കാണുന്ന രീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്കെച്ച് വിഡിയോ തയാറാക്കപ്പെട്ടിട്ടുള്ളത്.

നെറ്റ്ഫ്ലിക്സ്സായി തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രേക്ഷകരോട് ഇടപെടുന്ന സലിം കുമാറിനെയാണ് വിഡിയോയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഓരോ തരം പ്രേക്ഷകരോടും ഓരോ രീതിയിലാണ് താരം ഇടപെടുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും ജനപ്രീതിയുള്ള പല സിനിമകളെയും സീരീസുകളെയും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ കൂടുതൽ ജനപ്രീതി നേടാനുള്ള നെറ്റ്ഫ്ലിക്സിന്റെ പദ്ധതികളുടെ ഭാഗമായാണ് ഇത്തരം സ്കെച്ച് വിഡിയോകൾ തയാറാക്കപ്പെടുന്നത്. നേരത്തെ മലയാളത്തിലെ ചില പ്രമുഖ യൂട്യൂബേഴ്‌സിനോടൊപ്പം ചേർന്ന് നെറ്റ്ഫ്ലിക്സ് സ്കെച്ച് വിഡിയോകൾ തയ്യാറാക്കിയിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വിഡിയോകൾ പങ്കുവെയ്ക്കപ്പെടുന്നത്.

Read More: “റെയ്ബാൻ വെച്ചത് ആടുതോമയോടുള്ള ആരാധന മൂലം..”; കാർത്തിയെ കൈയടികളോടെ സ്വീകരിച്ച് മലയാളികൾ

അതേ സമയം ഇന്ത്യയിലെ പ്രാദേശിക മാർക്കറ്റുകളിൽ നെറ്ഫ്ലിക്സിന് വലിയ മുന്നേറ്റം നൽകിയ മലയാള ചിത്രം മിന്നൽ മുരളിയെ പറ്റിയും വിഡിയോയിൽ പരാമർശിക്കുന്നുണ്ട്. സ്ട്രീമിംഗ് സർവീസിന്റെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നായി മാറുകയായിരുന്നു ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം. ബേസിൽ ജോസഫ് സംവിധാനം ചെയ്‌ത മിന്നൽ മുരളി നിരവധി ആഴ്ച്ചകളോളം നെറ്റ്ഫ്ലിക്സിന്റെ ടോപ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.

Story Highlights: Salim kumar netflix funny sketch video