മലയാളികളെ വിറപ്പിക്കാന്‍ അവന്‍ വരുന്നു അങ്ങ് നൈജീരിയില്‍ നിന്ന്…

August 27, 2018

മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞു ഈ താരത്തിന്.

സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ‘പര്‍പ്പിള്‍’ എന്ന ചിത്രത്തിലൂടെയാണ് സാമുവലിന്റെ രണ്ടാംവരവ്. താരം ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുമുണ്ട്.

‘രണ്ടാം വരവില്‍ വില്ലന്‍ വേഷത്തിലാണ് സാമുവല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്കു ചിത്രത്തിന്റെ സംവിധായകനായ പാര്‍ത്ഥസാരഥിയാണ് പര്‍പ്പിളിന്റെയും സംവിധായകന്‍.

സാമുവല്‍ അബിയോള റോബിന്‍സണിനു പുറമെ വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, മറീന മൈക്കിള്‍, നിഹാരിക എന്നിവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സക്കറിയ മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് ഇത്. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല.