പ്രണയ സാഫല്യത്തിനും വേദിയായി ദുരിതാശ്വാസ ക്യാമ്പ്…
അമ്മുവിന്റെയും രതീഷിന്റെയും പ്രണയത്തിന് ഇപ്പോൾ ഇരട്ടി മധുരമാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചത് കഴിഞ്ഞ ആഗസ്റ്റ് 21 നായിരുന്നു. എന്നാൽ പ്രളയക്കെടുതിയിൽ കേരളം അകപ്പെട്ടപ്പോൾ കല്യാണ വീടുകൾ ആക്കേണ്ടിയിരുന്ന ഇരുവരുടെയും ഭവനങ്ങൾ മഴക്കെടുതിയിൽ ഭാഗീകമായി നശിച്ചു പോയി. പിന്നീട് ജീവിതം ദുരിതാശ്വാസ ക്യാമ്പുകളിൽ ആക്കിയ ഇരുവർക്കും വിവാഹ വേദിയായിരിക്കുകയാണ് ഈ ക്യാമ്പ്.
അതിജീവനത്തിന്റെ നാൾ വഴികളിലൂടെ കടന്നുപോകുന്ന കേരളത്തിന് വീണ്ടും സന്തോഷം പകരുന്ന വാർത്തയാണ് ആലപ്പുഴ ഗുരുപുരം ബിലീവേഴ്സ് ചർച്ച് ദുരിതാശ്വാസ ക്യാമ്പിൽ നടന്നത്. സങ്കടങ്ങളുടെ കഥ പറയുന്ന ദുരിതാശ്വാസ ക്യാമ്പ് സന്തോഷം പകരാൻ എത്തിയപ്പോൾ, വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയത് എം എൽ എയും, പഞ്ചായത്ത് അധികൃതരും, സർക്കാർ ജീവനക്കാരും പോലീസുദ്യോഗസ്ഥരും മതപുരോഹിതരും ക്യാമ്പിലെ മറ്റ് അന്തേവാസികളുമാണ്. എല്ലാവരുടെയും നേതൃത്വത്തിൽ നടന്ന വിവാഹം ഏരെ സന്തോഷകരമാണെന്നും നവ ദമ്പതികൾ പറഞ്ഞു.
മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം കഴിഞ്ഞ 21 ന് നടത്താനിരുന്ന വിവാഹ മുഹൂർത്തം ജലപ്രളയത്തെത്തുടർന്ന് 27 ലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആലപ്പുഴയിലെ രതീഷിന്റെ വീട്ടിൽ നിന്നും ഇപ്പോഴും വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല. അതിനാൽ അങ്ങോട്ടേക്ക് പ്രവേശിക്കാനോ വിവാഹം നടത്തനോ പറ്റുന്ന സാഹചര്യവുമായിരുന്നില്ല. ഇതറിഞ്ഞ് ദുരിതാശ്വാസ ക്യാമ്പിൽ ഉള്ളവരാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. പിന്നീട് ഇരുവരുടെയും ബന്ധുക്കളും കുടുംബാംഗങ്ങളും ഇങ്ങോട്ടേക്ക് എത്തിചേരുകയായിരുന്നു.