റെക്കോര്‍ഡില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് ഋഷഭ് പന്ത്
നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി ഇനി ഋഷഭ് പന്തിന് സ്വന്തം. നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടുന്ന ലോകത്തിലെ ഏഴാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും പന്തിനു തന്നെ. അലന് നോട്ടാണ് നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ ആദ്യ വിക്കറ്റ് കീപ്പര്‍. 1975 ല്‍ ഓസിസിനെതിരെ കളിച്ചപ്പോഴായിരുന്നു അലന് നോട്ട ഈ നേട്ടം സ്വന്തമാക്കിയത്. പാക്കിസ്ഥാന് താരം മൊയീന്‍ ഖാന്, ഓസ്ട്രേലിയന്‍ താരം ആഡം ഗില്‍ക്രിസ്റ്റ്, ബംഗ്ലാദേശ് താരം മുശ്ഫികര്‍ റഹീം, ഇംഗ്ലണ്ട് താരം മാറ്റ് പ്രിയോര്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സ് എന്നിവരാണ് നാലം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ മറ്റ് വിക്കറ്റ് കീപ്പര്‍മാര്‍.
20 വയസ്സാണ് ഋഷഭ് പന്തിന്റെ പ്രായം. ഇംഗ്ലണ്ടില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും പന്തു തന്നെയാണ്. അജയ് രത്രയ്ക്ക് ശേഷം സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതിയും പന്തിനു മാത്രം അവകാശപ്പെട്ടത്. ഇംഗ്ലണ്ടില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ അടിച്ചെടുത്ത ഇന്ത്യന്‍ താരവും പന്ത് തന്നെയാണ്. ധോണിയുടെ റെക്കോര്‍ട് തിരുത്തിക്കുറിച്ചുകൊണ്ടായിരുന്നു പന്തിന്റെ ഈ അപൂര്‍വ്വ നേട്ടം. 2007 ല്‍ ഇംഗ്ലണ്ട് മണ്ണില്‍ ധോണി നേടിയ 92 റണ്‍സാണ് ഋഷഭ് പന്ത് മറികടന്നത്.
കരിയറിന്റെ ആരംഭത്തില്‍ തന്നെ സെഞ്ചുറി നേടാന്‍ സാധിച്ചു എന്നത് അത്ര നിസ്സാരകാര്യമല്ല. മൂന്നാം ടെസ്റ്റില്‍ തന്നെ പന്ത് സെഞ്ചുറി കണ്ടെത്തി. ഏതൊരു ക്രിക്കറ്റ് താരവും ആഗ്രഹിക്കുന്ന നേട്ടം തന്നെയാണ് ഋഷഭ് പന്ത് അടിച്ചെടുത്തത്. ആദ്യ ടെസ്റ്റിലെ നാലാം ഇന്നിങ്സില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പന്ത്. അബ്ബാസ് അലി ബെയ്ഗ്, സച്ചിന് തെണ്ടൂല്‍ക്കര്‍, അജിത് അഗാര്‍ക്കര്‍, വസീം ജാഫര്‍, എന്നിവരാണ് മറ്റ് നാല് താരങ്ങള്‍.