വിടവാങ്ങല്‍: അലിസ്റ്റര്‍ കുക്കിന് മാധ്യമങ്ങള്‍ നല്‍കിയത് ഒരപൂര്‍വ്വ സമ്മാനം
ചരിത്രം രചിച്ച് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിടപറഞ്ഞ അലിസ്റ്റര്‍ കുക്കിന് മാധ്യമങ്ങള്‍ നല്‍കിയത് ഒരപൂര്‍വ്വ സമ്മാനം. ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം കുക്ക് തന്റെ അവസാന ടെസ്റ്റിലും സെഞ്ചുറി നേടിയാണ് മടങ്ങിയത്. ക്രിക്കറ്റ് കരിയറിലെ 33-ാം സെഞ്ചുറി അടിച്ചെടുത്ത കുക്കിനെ കാത്ത് മറ്റൊരു സര്‍പ്രൈസ് കൂടി ഉണ്ടായിരുന്നു. 33 സെഞ്ചുറികളുടെ ഓര്‍മ്മയ്ക്ക് മാധ്യമങ്ങള്‍ സമ്മാനിച്ച 33 ബിയര്‍ ബോട്ടിലുകള്‍.
മാധ്യമങ്ങളോട് എക്കാലവും മികച്ച സമീപനമായിരുന്നു കുക്ക് പുലര്‍ത്തിയിരുന്നത്. ഇന്ത്യയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ നാലാം ദിവസത്തെ കളി അവസാനിച്ച ശേഷം മാധ്യമങ്ങളെ കാണാനത്തിയപ്പോഴാണ് 33 ബിയര്‍ ബോട്ടിലുകള്‍ എന്ന അപൂര്‍വ്വ സമ്മാനം മാധ്യമങ്ങള്‍ നല്‍കിയത്. ഓരോ ബിയര്‍ ബോട്ടിലുകളിലും ഓരോ മാധ്യമപ്രവര്‍ത്തകന്റെ വക പ്രത്യേക സന്ദേശവും ഉള്‍പ്പെടുത്തിയിരുന്നു.
അവസാന ടെസ്റ്റില്‍ ഓവലില്‍ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി സ്വന്തം പേരില്‍ ചേര്‍ത്തുവെച്ചാണ് ക്രിക്കറ്റ് ഇതിഹാസതാരം ടെസ്റ്റ് ക്രിക്കറ്റിനോടു വിടപറഞ്ഞത്. കരിയറിലെ ആദ്യ ടെസ്റ്റിലും അവസാന ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡും കരസ്ഥമാക്കിയാണ് കുക്കിന്റെ മടക്കം.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ടോപ്പ് സ്കോററായ അലിസ്റ്റര്‍ കുക്ക് ക്രിക്കറ്റ് ലോകത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ച ശേഷമാണ് ക്രിക്കറ്റിനോട് വിടപറയുന്നത്. അരങ്ങേറ്റ ടെസ്റ്റിലും വിരമിക്കല്‍ ടെസ്റ്റിലും സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരം, അരങ്ങേറ്റ, വിരമിക്കല്ടെസ്റ്റുകളുടെ രണ്ട് ഇന്നിങ്സിലും അന്പതിനു മുകളില്‍ സ്കോര്‍ ചെയ്യുന്ന രണ്ടാമത്തെ താരം, ടെസ്റ്റില്‍ ഏറ്റവുംകൂടുതല്‍ റണ്‍സ് നേടിയ ഇടംകയ്യന്‍ താരം, ആകെ റണ്‍നേട്ടത്തില്‍ അഞ്ചാമതുള്ള താരം, ഏറ്റവും കൂടുല്‍ സെഞ്ചുറികൂട്ടുകെട്ടുകളില് പങ്കാളിയാകുന്ന നാലാമത്തെ താരം, ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ രണ്ട് ഇന്നിങ്സിലും അര്‍ധസെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം തുടങ്ങി നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയാണ് താരത്തിന്റെ മടക്കം.
ടെസ്റ്റില്‍ 6000, 7000, 8000, 9000, 10000, 11000, 12000 റണ്‍സ് ക്ലബുകളില്‍ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് കുക്കിന്റെ പേരിലാണുള്ളത്. 12 വര്‍ഷം നീണ്ട ക്രിക്കറ്റ് ജീവിത മായിരുന്നു കുക്കിന്റേത്. 33 സെഞ്ചുറികളും അഞ്ച് ഇരട്ട സെഞ്ചുറികളും തന്റെ കായിക ജീവിതത്തില്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. നാല് വര്‍ഷക്കാലം ഇംഗ്ലീഷ് ടീമിന്റെ ക്യാപ്റ്റനായും കുക്ക് സേവനമനുഷ്ഠിച്ചു. നേരത്തെ കരിയറിലെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സുകളിലും അര്‍ധസെഞ്ചുറി പിന്നിടുന്ന ചരിത്രത്തിലെ രണ്ടാമത്തെ താരമെന്ന ബഹുമതിയും കുക്കിനായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരം ബ്രൂസ് ബിച്ചലാണ് ആദ്യം ഈ നേട്ടം കൈവരിച്ച താരം.
Alastair Cook Presented With 33 Beer Bottles by British Media as Farewell Gift to Celebrate His 33rd Hundred (Watch Video) #AlastairCook #BeerBottlesFift #FarewellGifttoAlastairCook #INDvsENG #ENGvIND #Cricket https://t.co/qy4weVKJFH
— LatestLY (@latestly) 11 September 2018