പ്രളയത്തിലെ രക്ഷകനെ കീഴടക്കി ഇരുട്ട്…

September 11, 2018

കേരളം നേരിട്ട മഹാ ദുരിതത്തിൽ രക്ഷകന്റെ രൂപത്തിലെത്തി 35 ഓളം ജീവനുകൾ രക്ഷിച്ച അനിയൻ ഇരുട്ടിലേക്ക് വീഴുന്നു. കുത്തിയൊഴുകുന്ന വെള്ളത്തിന്റെ ശക്തി വകവയ്ക്കാതെ വെള്ളത്തിലേക്ക് ചാടി ഇറങ്ങി ഒലിച്ചുപോകുമായിരുന്ന നിരവധി ജീവനുകൾ രക്ഷിച്ച അനിയൻ എന്ന സദാശിവൻ നായരെ കാത്തിരുന്നത് വലിയ ഇരുട്ടായിരുന്നു. ജീവൻ രക്ഷിക്കുന്നതിനിടയിൽ മരക്കൊമ്പ് കൊണ്ട് കണ്ണിന് മുറിവ് പറ്റിയ അനിയന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണ്.

ചെങ്ങന്നൂർ കിഴക്കേനട പുത്തൻ പുരയ്‌ക്കൽ സദാശിവൻ നായർ എല്ലാം മറന്ന് വെള്ളം കയറിയ പ്രദേശത്തുനിന്ന് ആളുകളെ രക്ഷിക്കുന്നതിനായി ഇറങ്ങിയിരുന്നു.  ഒരു വീടിന്റെ ഗേറ്റിന് പുറത്ത് കുറുകെ  കിടന്ന മരക്കക്ഷണം എടുത്ത് മാറ്റുന്നതിനിടെയാണ് അദ്ദേഹത്തിന്റെ കണ്ണിന് പരിക്കേറ്റത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായ പരിക്കുകൾ മാത്രമേ ഉള്ളുവെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ അദ്ദേഹത്തെ പറഞ്ഞ് വിടുകയായിരുന്നു. പിന്നീട് വേദന കലശലായതോടെ ആലപ്പുഴ മെഡിക്കൽ കോളേജിലെത്തിയ അദ്ദേഹത്തിനെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ വലത്തെ കണ്ണിന്റെ കാഴ്ച പൂർണ്ണമായും നശിച്ചതായി കണ്ടെത്തി. ഇപ്പോൾ ഈ കാഴ്ച്ചക്കുറവ് ഇടത്തേക്കണ്ണിനെയും ബാധിക്കുമോയെന്ന ഭയത്തിലാണ് അനിയനും കുടുംബവും.

ഭാര്യയും അച്ഛനും അമ്മയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് അനിയന്റേത്. വലിയ സാമ്പത്തീക  ഭദ്രതയില്ലാത്ത കുടുംബത്തിലെ അനിയന്റെ ഇളയ കുട്ടിയ്ക്ക് സംസാര ശേഷിക്ക് ചെറിയ ബുദ്ധിമുട്ടുകളുണ്ട്. കുട്ടിയ്ക്ക് ശസ്ത്രകിയ നടത്താനിരിക്കെയാണ് ലോട്ടറി വിൽപ്പനക്കാരനായ അനിയന്റെ കുടുംബത്തെ ഈ പ്രളയം പ്രതികൂലമായി ബാധിച്ചത്.