ഏഷ്യ കപ്പ്: ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം ഇന്ന്

September 21, 2018

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയമാണ് മത്സര വേദി. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മുതല്‍ മത്സരം ആരംഭിക്കും. പാകിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ സുപ്പര്‍ ഫോറില്‍ കടന്നത്. ബി ഗ്രൂപ്പില്‍ നിന്നും രണ്ടാം സ്ഥാനക്കാരായാണ് ബംഗ്ലാദേശ് സൂപ്പര്‍ ഫോറിലെത്തിയത്. പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ തകര്‍പ്പന്‍ വിജയം ആരാധകര്‍ക്ക് പ്രതീക്ഷ പകരുന്നു.

എന്നാല്‍ പരിക്കിനെ തുടര്‍ന്ന് മൂന്ന താരങ്ങള്‍ ടീമിന് പുറത്തായത് ഇന്ത്യയ്ക്ക് കനത്ത പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, സ്പിന്നര്‍ അക്ഷര്‍ പട്ടേല്‍, പേസ് ബൗളര്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവരാണ് പരിക്കിനെ തുടര്‍ന്ന് ടീമിന് പുറത്തായിരിക്കുന്നത്. ഈ മൂന്നുപേര്‍ക്ക് പകരം ദീപക് ചാഹറും സിദ്ധാര്‍ഥ് കൗളും രവീന്ദ്ര ജഡേജയും ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാക്ക് പോരാട്ടത്തില്‍ എട്ടു വിക്കറ്റിനാണ് ഇന്ത്യ പാകിസ്ഥാനെ തകര്‍ത്തത്. 43.1 ഓവറില്‍ 162 റണ്‍സെടുത്ത് പാകിസ്ഥാന് പുറത്തായി. പാകിസ്ഥാനെതിരെ 29 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു.

രോഹിത് ശര്‍മ്മയും ശിഖര്‍ധവാനും ആയിരുന്നു ഇന്ത്യയുടെ ഓപ്പണര്‍മാര്‍. രോഹിത് ശര്‍മ്മ 52 റണ്‍സും ശിഖര്‍ ധവാന്‍ 46 റണ്‍സും സ്വന്തമാക്കി. 31 റണ്‍സ് വീതം നേടിയ റായിഡുവും കാര്‍ത്തിക്കും പുറത്താകാതെ നിന്നു. കളിയില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. ബൗളിങിന്റെ തുടക്കം മുതല്‍ക്കെ ഇന്ത്യ മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാറും കേദാര്‍ ജാദവും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റും കുല്‍ദീപ് യാദവ് ഒരു വിക്കറ്റുമെടുത്തു. ഭുവനേശ്വര്‍ കുമാറായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

സെപ്റ്റംബര്‍ ഇരുപത്തിമൂന്നാം തീയതി സൂപ്പര്‍ ഫോറില്‍ ഇന്ത്യ വീണ്ടും പാകിസ്ഥാനെ നേരിടും. തുടര്‍ന്ന് 25 ന് അഫ്ഗാനിസ്ഥാനെ നേരിടും. സെപ്റ്റംബര്‍ 28 നാണ് ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം അരങ്ങേറുക.