ഏഷ്യാ കപ്പ്; പോരാട്ടം ഇന്നു മുതല്‍

September 15, 2018

ഏഷ്യാ കപ്പ് പോരാട്ടത്തിന് തയാറായി നില്‍ക്കുകയാണ് കായികതാരങ്ങള്‍. ആദ്യമത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ച് മണിക്കാണ് മത്സരം ആരങ്ങേറുക. ആറ് ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായാണ് ഏഷ്യാ കപ്പിനു വേണ്ടി മത്സരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഹോങ്കോംഗിനെയായിരിക്കും നേരിടുക. ബുധനാഴ്ച ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടവും അരങ്ങേറും.

രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയും ടീമിനൊപ്പമുണ്ട്. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ യോഗ്യത നേടിയ ഏഷ്യന്‍ ടീമുകളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളെക്കൂടാതെ ഹോങ്കോങ്ങും ഏഷ്യ കപ്പില്‍ ഇത്തവണ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണ മത്സരത്തിനുണ്ട്.

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നായകന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമമനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയെ നയിക്കുക. അതിനാല്‍ സീനിയര്‍ താരം ധോണിയുടെ സാന്നിധ്യം ടീമിന് പ്രധാനമാണ്. മനീഷ് പാണ്ഡെ, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയവരും പുതുമുഖം ഖലീല്‍ അഹമ്മദും ടീമിലുണ്ട്.

ഗ്രൂപ്പ് എയില്‍ പാക്കിസ്ഥാനും ഹോംങ്കോംഗിനും ഒപ്പമാണ് ഇന്ത്യ കളിക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ ഏഷ്യ കപ്പ് ചാമ്പ്യന്‍മാരായത് ഇന്ത്യയാണ്. ആറ് തവണ ഇന്ത്യ കിരീടം കരസ്ഥമാക്കി. ശ്രീലങ്ക അഞ്ചും പാകിസ്താന്‍ രണ്ടും തവണ ഏഷ്യാ കപ്പില്‍ വിജയികളായിട്ടുണ്ട്. ഇന്ത്യ കിരീടം സ്വന്തമാക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍.