ഏഷ്യ കപ്പ്: ധവാന് സെഞ്ചുറി, ശുഭപ്രതീക്ഷയില്‍ ഇന്ത്യ
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ആദ്യ അങ്കത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ പ്രതീക്ഷ. ഏഴ് വിക്കറ്റില്‍ ഇന്ത്യ 285 റണ്‍സ് അടിച്ചെടുത്തു. ശിഖര്‍ ധവാന്റെ സെഞ്ചുറിയും കളിയില്‍ നിര്‍ണ്ണായകമായി. 127 റണ്‍സാണ് ശിഖര്‍ ധവാന് സ്വന്തമാക്കിയത്. അമ്പാട്ടി റയാഡു 60 റണ്‍സുമെടുത്തു.
22 പന്തില്‍ 23 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നല്ല തുടക്കം തന്നെയാണ് കാഴ്ചവെച്ചത്. ശിഖര്‍ ധവാന്- രോഹിത് ശര്‍മ്മ കൂട്ടുകെട്ടില്‍ 45 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ എഹ്സാന്‍ ഖാന് രോഹിത്തിനെ ഔട്ടാക്കി.
ദിനേഷ് കാര്‍ത്തികും ക്രീസില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. 38 പന്തില്‍ 33 റണ്‍സെടുത്താണ് കാര്‍ത്തിക് മടങ്ങിയത്. 15 ഫോറും രണ്ട് സിക്സും അടിച്ചെടുത്ത ധവാന്റെ പ്രകടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് പ്രതീക്ഷ കൂടി.
എന്നാല്‍ ആരാധകരെ നിരാശയിലാഴ്ത്തിയായിരുന്നു മുന്‍ ക്യാപ്റ്റന്‍ ധോണിയുടെ മടക്കം. നേരിട്ട മൂന്നാമത്തെ ബോളില്‍ തന്നെ റണ്‍സൊന്നും എടുക്കാതെ ധോണി മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ (18 പന്തില്‍ 9), ഷര്‍ദ്ദുല്‍ ഥാക്കൂര്‍ (മൂന്ന് പന്തില്‍ 0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്. കേദാര്‍ ജാദവ് (27 പന്തില്‍ 28) പുറത്താവാതെ നിന്നു.