എഷ്യന്‍ ഗെയിംസ്: മെഡല്‍ നേട്ടത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യ

September 1, 2018

കായിക ചരിത്രത്തില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ഏഷ്യന്‍ ഗെയിംസില്‍ ഇതിനോടകം 66 മെഡലുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ പുതിയ ചരിത്രം രചിച്ചത്. പുരുഷ വിഭാഗം ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോയില്‍ അമിത് കുമാറാണ് 14-ാം സ്വര്‍ണ്ണം ഇടിച്ചെടുത്തത്. റിയോ ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ ഉസ്‌ബെക്കിസ്ഥാന്‍ താരം ഹസന്‍ബോയ് ദുസ്മറ്റോവിനോടായിരുന്നു അമിത് കുമാറിന്റെ മത്സരം. ഫിലിപ്പീന്‍സ് താരം പാലം കാര്‍ലോയെ തോല്‍പ്പിച്ചാണ് അമിത് ഫൈനലില്‍ കടന്നത്.

പതിനാലാം സ്വര്‍ണ്ണമെഡലോടെ ആകെ മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ചരിത്രമെഴുതി. 14 സ്വര്‍ണ്ണവും 23 വെള്ളിയും 28 വെങ്കലവും ഉള്‍പ്പെടെ 66 മെഡലുകളാണ് ജക്കാര്‍ത്തയില്‍ ഇന്ത്യ നേടിയത്. 2010 ലെ ഗ്വാങ്ചൗ ഗെയിംസില്‍ 14 സ്വര്‍മ്ണവും 17 വെള്ളിയും 34 വെങ്കലവും നേടി 65 മെഡലുകളുടെ റെക്കോര്‍ഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നു. ഈ റെക്കോര്‍ഡാണ് ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസ് തിരുത്തിയത്.

ഇന്ത്യയ്ക്ക് 12ാം സ്വര്‍ണ്ണം നേടിക്കൊടുത്തത് കോഴിക്കോട് ചക്കിട്ടപ്പാറക്കാരന്‍ ജിന്‍സണ്‍ ജോണ്‍സനാണ്. 1500 മീറ്ററില്‍ ഒന്നാം സ്ഥാനത്തെത്തിയാണ് ജിന്‍സണ്‍ സ്വര്‍ണ്ണം നേടിയെടുത്തത്. മൂന്ന് മിനിറ്റ് 44.72 സെക്കന്റുകൊണ്ട് 1500 മീറ്റര്‍ ജിന്‍സണ്‍ ഫിനിഷ് ചെയ്തു. ഇറാന്റെ അമീര്‍ മൊറാദി വെള്ളിയും ബഹ്‌റൈന്റെ മുഹമ്മദ് ടിയോലി വെങ്കലവും നേടി. 800 മീറ്ററിലും ജിന്‍സണ്‍ വെള്ളി നേടിയിരുന്നു. എന്നാല്‍ 800 മീറ്ററില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യയുടെ മന്‍ജീത് സിങ് 1500 മീറ്ററില്‍ നാലാമതായാണ് ഫിനിഷ് ചെയ്തത്.

വനിതാവിഭാഗത്തില്‍ പി.യു ചിത്ര നേടിയ വെങ്കലവും മലയാളികളുടെ നേട്ടത്തിന് മാറ്റുകൂട്ടി. നാല് മിനിറ്റ് 12.56 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ചിത്ര മൂന്നാമതെത്തിയത്. വനിതാവിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയത് ബഹ്‌റൈന്‍ താരങ്ങളാണ്. കല്‍കിദാന്‍ ബെഫകാഡുവാണ് സ്വര്‍ണ്ണം നേടിയ ബഹ്‌റൈന്‍ താരം. ടിഗിസ്റ്റ് ബെലായ് വെളളിയും നേടി.

വ്യക്തിഗത ഇനങ്ങള്‍ക്കുപുറമെ പുരുഷ-വിനിതാ വിഭാഗം 4X400 മീറ്റര്‍ റിലേയിലും മലയാളി താരങ്ങള്‍ തിളങ്ങി. വനിതാ വിഭാഗത്തിന്റെ അവസാന ലാപ്പ് ഓടിയത് മലയാളി താരം വിസ്മയയാണ്. മൂന്ന് മിനിറ്റ് 28.72 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം സ്വര്‍ണ്ണം നേടിയത്. ഇതേ ഇത്തില്‍ ബഹ്‌റൈന്‍ വെള്ളിയും വിയറ്റ്‌നാം വെങ്കലവും നേടി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് വനിതാ വിഭാഗം റിലേയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടുന്നത്. 2002,2006,2010,2014,2018 ഏഷ്യന്‍ ഗെയിംസുകളില്‍ വനിതാ റിലേയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. 1986 ലും ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണ്ണം നേടിയിരുന്നു. ഇതോടെ വനിതാവിഭാഗം റിലേയില്‍ 6 സ്വര്‍ണ്ണമെഡലുകളാണ് ഇന്ത്യ നേടുന്നത്.

പുരുഷ വിഭാഗം റിലേയില്‍ ഇന്ത്യ വെള്ളി നേടി. കുഞ്ഞുമുഹമ്മദും മുഹമ്മദ് അനസുമടങ്ങുന്ന ടീമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 01.85 സെക്കന്റിലാണ് ഇന്ത്യന്‍ പുരുഷ വിഭാഗം ഫിനിഷ് ചെയ്തത്.