ഉൾക്കാഴ്ചകളുമായി ആയുഷ്മാൻ ഖുരാന; ‘അന്ധാധുൻ’ ട്രെയ്‌ലർ കാണാം..

September 4, 2018

ബോളിവുഡിലെ മികച്ച താരങ്ങൾ കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം അന്ധാധുന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നിരവധി സസ്പെൻസുകൾ നിറഞ്ഞതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. ട്രെയ്‌ലർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ആയുഷ്മാൻ ഖുരാന മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ രാധിക ആപ്‌തെ, തബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിരവധി സിനിമകൾ ബോളിവുഡിന് സമ്മാനിച്ച ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ജനശ്രദ്ധ ആകർഷിച്ച ‘ബദ്‌ലാപൂർ’ ആയിരുന്നു താരത്തിന്റെ അവസാന ചിത്രം. അനിൽ ധവാൻ, സക്കീർ ഹുസൈൻ എന്നിവരും അന്ധാധുനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വയാകോം മോഷന്‍ പിക്‌ച്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

നിറയെ നിഗൂഢതകൾ നിറഞ്ഞ ചിത്രത്തിൽ അന്ധനായാണ് ആയുഷ്മാൻ എത്തുന്നത്. ചിത്രത്തിൽ ആയുഷ്മാൻറെ സുഹൃത്തും കാമുകിയുമായാണ് രാധിക വേഷമിടുന്നത്. സസ്‌പെന്‍സ് നിറഞ്ഞ ചിത്രത്തില്‍ അന്ധനായ പിയാനോ ആര്‍ടിസ്റ്റിന്റെ വേഷത്തിൽ എത്തുന്ന താരം മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ അഞ്ചാം തിയതി തിയേറ്ററുകളിൽ എത്തും.