കലാഭവന്‍ മണിയുടെ ഓര്‍മ്മകളുമായി ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ട്രെയിലര്‍; വീഡിയോ കാണാം

September 22, 2018

കലാഭവന്‍ മണിയുടെ ജീവിതം പറയുന്ന ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യൂട്യൂബില്‍ റിലീസ് ചെയ്ത ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വിനയനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ രാജമണിയാണ് കലാഭവന്‍ മണിയായി വേഷമിടുന്നത്.

ആല്‍ഫ ഫിലിംസിന്റെ ബാനറില്‍ ഗ്ലാസ്റ്റണ്‍ യേശുദാസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹണി റോസും നിഹാരികയുമാണ് ചിത്രത്തില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സലീം കുമാര്‍, ജനാര്‍ദ്ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ടിനിടോം, കൊച്ചുപ്രേമന്‍, പൊന്നമ്മ ബാബു, സാജു കൊടിയന്‍, കെ.എസ് പ്രസാദ് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

മലയാളികള്‍ക്ക് എന്നും പ്രീയങ്കരനായിരുന്നു കലാഭവന്‍ മണി. ‘മണിച്ചേട്ടന്‍’ എന്നായിരുന്നു സ്‌നേഹപൂര്‍വ്വം അദ്ദേഹത്തെ എല്ലാവരും വിളിച്ചിരുന്നതു പോലും. കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ‘ ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയുടെ പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ‘ചാലക്കുടി ചന്തയ്ക്കു പോയപ്പോള്‍…’ എന്നു തുടങ്ങുന്ന മണിയുടെ ഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പാട്ടിനും പ്രേക്ഷകരില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.