മാതൃകയായി ഈ കളക്ടറും; കൈയടിച്ച് സോഷ്യൽ മീഡിയ..

September 5, 2018

പ്രളയക്കയത്തിലാണ്ട കേരളക്കരയെ രക്ഷിക്കാൻ കയ്യും മെയ്യും മറന്ന് കേരളത്തിനൊപ്പം നിന്നവരുടെ എണ്ണം എണ്ണിയാൽ തീരാത്തതാണ്. ലോകം മുഴുവനുമുള്ള ആളുകൾ ഇന്നും പറയുന്നു കേരളം എല്ലാ ദുരന്തങ്ങളെയും അതിജീവിക്കുമെന്ന്, കാരണം കേരള ജനത  ഒറ്റക്കെട്ടാണെന്ന്… ദുരിതത്തിലാണ്ട കേരള ജനതയ്ക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാരും, അയൽ സംസ്ഥാനങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി രംഗത്തെത്തിയത്… അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മറ്റുമായി ആരും അറിയാതെ ജോലിയിൽ നിന്നും ലീവെടുത്ത് കേരളത്തിൽ വന്ന ഒരു യുവാവാണ് ഇന്ന് സോഷ്യൽ മീഡിയയിൽ കയ്യടി നേടിയിരിക്കുന്നത്.

ആരോരുമറിയാതെ 10 ദിവസം കേരളത്തിലെ വിവിധ കലക്‌ഷൻ സെന്ററുകളിലും ക്യാംപുകളിലും ഒന്നാന്തരമായി പണിയെടുത്തവരിൽ ഒരു പയ്യൻ കളക്‌ടറാണെന്ന് ആരുമറിഞ്ഞിരുന്നില്ല. ഒടുവിൽ എറണാകുളത്തെ കെബിപിഎസ് പ്രസിലെ കലക്‌ഷൻ സെന്ററിൽ കലക്ടർ വൈ സഫിറുള്ള സന്ദർശനം നടത്തിയപ്പോഴാണു സാധാരണക്കാർക്കൊപ്പം നിന്ന് പണിയെടുത്ത കണ്ണൻ ഗോപിനാഥിനെ തിരിച്ചറിഞ്ഞത്.

കോട്ടയം പുതുപ്പള്ളി സ്വദേശിയായ കണ്ണൻ ഗോപിനാഥ്‌ ദാദ്ര നഗർ ഹവേലി കലക്ടറാണ് അവധിയെടുത്ത് ആരുമറിയാതെ നിരവധി ദിവസങ്ങൾ ക്യാമ്പുകളിൽ പണിയെടുക്കാൻ എത്തിയത്. ആലുവയിലെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലാണ് മറ്റ് യുവാക്കൾക്കൊപ്പം ചാക്ക് ചുമക്കാനും തറ വൃത്തിയാക്കാനും സാധനങ്ങൾ എത്തിച്ച് കൊടുക്കാനുമൊക്കെയെയായി കണ്ണൻ എത്തിയത്.

അതേസമയം സോഷ്യൽ മീഡിയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വ്യക്തികളാണ് എം ജി രാജ മാണിക്യവും, വയനാട് സബ് കളക്ടർ എൻ എസ് കെ ഉമേഷും. ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി വയനാട് കലക്ടറേറ്റിൽ എത്തിച്ച  അരിച്ചാക്കുകൾ ഇറക്കാൻ പ്രോട്ടോക്കോളും പദവിയും മാറ്റിവെച്ച് സാധാരണക്കാരനായി എത്തിയ ഉദ്യോഗസ്ഥർക്ക് നിറഞ്ഞ കൈയ്യടി നേരത്തെ സോഷ്യൽ മീഡിയ നൽകിയിരുന്നു. വീണ്ടും കേരളത്തിന് മാതൃകയാവുകയാണ് കണ്ണ് ഗോപിനാഥ്‌ എന്ന കളക്‌ടർ.