‘അച്ഛനമ്മമാർ ജോലിക്ക് പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം’- താരമായി ആലപ്പുഴ കളക്ടർ

August 4, 2022

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലകളിലെ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒൻപതു ജില്ലകളിലാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, അവധി പ്രഖ്യാപനത്തിലൂടെ ജനങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ. കുട്ടികളോടാണ് കളക്ടർ അവധി പങ്കുവയ്ക്കുന്നത്.

ആലപ്പുഴ കളക്ടറുടെ വാക്കുകൾ;

പ്രിയപ്പെട്ട കുട്ടികളെ,
നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം. ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട കളക്ടര്‍ മാമന്‍..

സമൂഹമാധ്യമങ്ങളിൽ ആലപ്പുഴ കളക്ടർ വി.ആര്‍. കൃഷ്ണ തേജയുടെ വാക്കുകൾ ശ്രദ്ധനേടുകയാണ്. ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന അവധിയും വളരെ കൗതുകകരമായ രീതിയിലായിരുന്നു.

‘ പ്രിയ കുട്ടികളെ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ…’- കളക്ടറുടെ വാക്കുകൾ.

Story highlights- alappuzha collector facebook post