വൈറലായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകന്റെ കല്യാണക്കത്ത്..

September 13, 2018

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി.  ഐ പി എല്ലിലും ഏറ്റവും കൂടുതൽ ആരാധകരുള്ള ടീം ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് തന്നെയാണ്. ക്രിക്കറ്റിൽ ഇതിഹാസമായിരുന്ന ധോണി നായക സ്ഥാനത്ത് നിന്ന് പിന്മാറിയെങ്കിലും ലോകം മുഴുവൻ ആരാധകരുള്ള താരം തന്നെയാണ് അദ്ദേഹം.

എന്നും  ആരാധകരുടെ ജീവിതത്തിന്റെ ഭാഗം തന്നെയാണ് സി എസ് കെ ടീമും ധോണിയും. അതിനൊരുദാഹരണമായിരുന്നു കെ വിനോദിന്റെ കല്യാണ ക്ഷണക്കത്ത്. ഒരു വലിയ സി എസ് കെ ഫാനായ വിനോദിന്റെ കല്യാണ കുറിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗംയിരിക്കുന്നത്. വിനോദ് തന്റെ കല്യാണക്കുറി അച്ചടിച്ചത് ചെന്നൈയുടെ ഹോം മത്സരത്തിന്റെ ടിക്കറ്റ് രൂപത്തിലാണ്. ടിക്കറ്റിന്റെ വലത് ഭാഗത്ത് പ്രവേശന ഫീസിന് നേരെ എഴുതിയത് നിങ്ങളുടെ സ്‌നേഹം, ജി.എസ്.ടി കോളത്തിന് നേരെ നിങ്ങളുടെ അനുഗ്രഹം, ആകെ തുക എന്നതിന് നേരെ നിങ്ങളുടെ സാന്നിധ്യം എന്നിങ്ങനെ വളരെ  രസകരമായാണ് കല്യാണക്കത്ത് തയാറാക്കിയിരിക്കുന്നത്. ധോണി കപ്പുമായി നില്‍ക്കുന്നൊരു കാരിക്കേച്ചറും കത്തിലുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ കല്യാണക്കത്ത് പോസ്റ്റുചെയ്യുകയും ചെയ്തു. ഇതോടെ കത്തിന്റെ ഭംഗിയില്‍ അമ്പരന്നിരിക്കുകയാണ് മറ്റു ആരാധകര്‍. സോഷ്യൽ മീഡിയയിലൂടെ തരംഗമായ കല്യാണക്കത്തിന് ഇപ്പോൾ ആരാധകർ ഏറെയാണ്.