കേരളത്തിന് വീണ്ടും സഹായഹസ്തവുമായി ദുല്‍ഖര്‍; കൈയടിച്ച് ആരാധകര്‍

September 9, 2018

പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിലേക്കടുക്കുന്ന കേരളത്തിന് സഹായഹസ്തങ്ങള്‍ നീട്ടിയവര്‍ നിരവധിയാണ്. സിനിമാരംഗത്തും കായികരംഗത്തും രാഷ്ട്രീയ രംഗത്തുമൊക്കെയുള്ളവര്‍ കൈ-മെയ്യ് മറന്ന് കേരളത്തിന്റെ അതിജീവനത്തിനായി പോരാടി. നിരവധി സിനിമാതാരങ്ങളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്. മലയാളികള്‍ ‘കുഞ്ഞിക്ക’ എന്ന് സനേഹപൂര്‍വ്വം വിളിക്കുന്ന കേരളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ സംഭാവന നല്‍കിയിരുന്നു. മ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ സംഭാവന നല്‍കിയത്. ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവും മമ്മൂട്ടി 15 ലക്ഷവുമായിരുന്നു നല്‍കിയത്. എന്നാല്‍ ആരാധകര്‍ക്ക് മുന്നില്‍ പുതിയൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് ദുല്‍ഖര്‍. താരം വീണ്ടും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ദുല്‍ഖറിന്റെ പ്രഖ്യാപനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനച്ചടങ്ങിനിടെയായിരുന്നു ദുല്‍ഖറിന്റെ പ്രഖ്യാപനം. ഉദ്ഘാടനത്തിനായി തനിക്കു ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നാണ് ദുല്‍ഖര്‍ പ്രഖ്യാപിച്ചത്. താരത്തിന്റെ പ്രഖ്യാപനത്തിന് ആരാധകര്‍ നിറഞ്ഞ കൈയടിയും നല്‍കി. കൊല്ലം കരുനാഗപള്ളിയിലായിരുന്നു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനം.

ഉദ്ഘാടനച്ചടങ്ങിനിടെ തിരക്കൂകൂട്ടന്ന ആരാധകരോട് സംസാരിക്കാനും പ്രിയതാരം മറന്നില്ല. ആരും തിരക്ക് കൂട്ടരുത്. എല്ലാവരും സുരക്ഷിതരായിരിക്കണം. ആര്‍ക്കും പരിക്ക് പറ്റരുത്. ഇത്രയും നേരം എന്നെ കാത്തിരുന്ന നിങ്ങള്‍ക്ക് ഒരുപാട് സ്‌നേഹവും ഒരുപാട് ഇഷ്ടവും… ഉമ്മയും ആരാധകരോടായി ദുല്‍ഖര്‍ പറഞ്ഞു.