ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച താരം മോഡ്രിച്ച്

September 25, 2018

മികച്ച ഫുട്‌ബോള്‍ താരങ്ങള്‍ക്കായുള്ള ഫിഫ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മികച്ച ഫുട്‌ബോളര്‍. അവസാന മൂന്നു പേരുടെ പട്ടികയില്‍ മോഡ്രിച്ചിനു പുറമെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മുഹമ്മദ് സാലേയും ഉള്‍പ്പെട്ടിരുന്നു. ഇരുവരെയും പിന്തള്ളിയാണ് മോഡ്രിച്ച് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ലോകകപ്പില്‍ ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ മോഡ്രിച്ച് വഹിച്ച പങ്ക് നിര്‍ണ്ണായകമാണ്. റയല്‍ മാഡ്രിഡിന് മൂന്നാം ചാമ്പ്യന്‍സ് കിരീടം നേടികൊടുക്കുന്നതിലും മോഡ്രിച്ച് മുഖ്യ പങ്ക് വഹിച്ചു. ഈ രണ്ട് മത്സരങ്ങളിലെയും പ്രകടനങ്ങള്‍ കണക്കിലെടുത്താണ് മികച്ച ഫുട്‌ബോള്‍ താരം എന്ന പുരസ്‌കാരം മോഡ്രിച്ചിനെ തേടിയെത്തിയത്. ലോകകപ്പില്‍ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിയതും മോഡ്രിച്ച് തന്നെയായിരുന്നു.

പത്ത് വര്‍ഷത്തോളമായി ക്രിസ്റ്റിയനോ റൊണാള്‍ഡോയും ലയണല്‍ മെസിയുമായിരുന്നു ഫിഫയുടെ മികച്ച ഫുട്‌ബോളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ആരാധകരുടെ അഭിപ്രായത്തിലും മോഡ്രിച്ച് തന്നെയായിരുന്നു മികച്ചു നിന്നത്. ലയണല്‍ മെസി ഇത്തവണ അവസാന മൂന്നുപേരുടെ പട്ടികയില്‍ എത്താതിരുന്നതും ആരാധകര്‍ക്കിടയില്‍ നേരത്തെ ചര്‍ച്ചയായിരുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായാണ് അവസാന മൂന്നുപേരുടെ പട്ടികയില്‍ മെസി ഇടംപിടിക്കാതിരുന്നത്.

മികച്ച ഗോളിനുള്ള പുഷ്‌കാസ് പുരസ്‌കാരം ഈജിപ്തിന്റെ മുഹമ്മദ് സാലേ കരസ്ഥമാക്കി. ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് ആണ് മികച്ച പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്. ബെല്‍ജിയത്തിന്റെ തിബോ കുര്‍ട്ടോയ്‌സ് ആണ് മികച്ച ഗോള്‍ കീപ്പര്‍. ബ്രസീലിന്റെ മാര്‍ത്ത മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കി. ഫ്രഞ്ച് കപ്പ് ലിയോണിന്റെ റെയ്‌നാള്‍ഡ് പെഡ്രോസാണ് മികച്ച വനിതാ ടീം പരിശീലകന്‍. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പിനു യോഗ്യത നേടിയ പെറുവിന്റെ മത്സരം കാണാനെത്തിയവരാണ് മികച്ച ആരാധകരായി തിരഞ്ഞെടുക്കപ്പെട്ടത്.