മിന്നും പ്രകടനത്തിന് വിഹാരിയെ സഹായിച്ചത് ആ ‘കായികതാര’ ത്തിന്റെ ഫോണ്‍കോള്‍

September 11, 2018

ടെസ്റ്റ് മത്സരത്തിലെ അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയെ കായികലോകത്തിന് മറക്കാനാകില്ല. ക്രിക്കറ്റ് ജീവിതത്തില്‍ ആരം കൊതിക്കുന്ന നേട്ടം തന്നെയാണ് വിഹാരി സ്വന്തമാക്കിയിരിക്കുന്നത്. ആറ് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ടീമിനെ രക്ഷപ്പെടുത്തുന്ന ഇന്നിങ്‌സിലാണ് വിഹാരിയുടെ മിന്നും പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ അരങ്ങേറ്റ അവസരം ലഭിച്ച ഹനുമാ വിഹാരി തകര്‍ത്തു കളിച്ചു. താരത്തിന് ലഭിച്ചത് അരങ്ങേറ്റത്തിലെ അര്‍ദ്ധസെഞ്ചുറി എന്ന നേട്ടവും. എന്നാല്‍ കളിക്കളത്തില്‍ മിന്നും പ്രകടനം കാഴ്ചവെക്കാന്‍ തനിക്ക് സാധിച്ചത് കായികതാരം രാഹുല്‍ ദ്രാവിഡ് നല്‍കിയ ആത്മവിശ്വാസമാണെന്നാണ് വിഹാരിയുടെ പ്രഖ്യാപനം.

നിര്‍ണ്ണായക കളിയില്‍ ക്രീസിലിറങ്ങും മുമ്പ് വിഹാരി ദ്രാവിഡിനെ വിളിച്ചു. കുറേ നേരം സംസാരിക്കുകയും ചെയ്തു. സ്വന്തം മികവില്‍ ഉറച്ച് വിശ്വസിച്ച് ബാറ്റിങ് ചെയ്യാനായിരുന്നു ദ്രാവിഡിന്റെ ഉപദേശം. രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സമ്മര്‍ദ്ദം കുറയുകയും ആത്മവിശ്വാസം നേടിയെടുക്കാന്‍ സാധിച്ചെന്നും വിഹാരി പറഞ്ഞു. ഇന്ത്യ എ ടീമില്‍ കളിച്ചപ്പോഴും രാഹുലിന്റെ ഉപദേശങ്ങള്‍ തനിക്ക് സഹായകരമായിട്ടുണ്ട്. ഒരു നല്ല ക്രിക്കറ്റ് താരമായതില്‍ രാഹുലിന്റെ വാക്കുകള്‍ക്ക് വലിയ സ്ഥാനമുണ്ടെന്നും വിഹാരി വ്യക്തമാക്കി

ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ 56 റണ്‍സാണ് വിഹാരി സ്വന്തമാക്കിയത്. ഇതിനുപുറമെ രവീന്ദ്ര ജഡേജയുമൊത്ത് 77 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്തു. അരങ്ങേറ്റ ടെസ്റ്റില്‍ ആറാം നമ്പറില്‍ ഉയര്‍ന്ന റണ്‍സ് നേടുന്ന താരങ്ങളില്‍ അഞ്ചാമനാണ് നിലവില്‍ വിഹാരി. 177 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ആറാം നമ്പറില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ ഇന്ത്യന്‍ താരം. റെയ്‌ന, സേവാഗ്, അംറേ എന്നീ താരങ്ങള്‍ തൊട്ടുപിന്നിലെ സ്ഥാനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലേക്കാണ് വിഹാരിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

124 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വിഹാരിയുടെ ഇന്നിംങ്‌സ്. വിഹാരിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്.