അരങ്ങേറ്റത്തില്‍ അര്‍ദ്ധ സെഞ്ചുറി; വിഹാരിയെ അഭിനന്ദിച്ച് കായികലോകം

September 10, 2018

ടെസ്റ്റ് മത്സരത്തിലെ അരങ്ങേറ്റത്തില്‍തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ ഹനുമാ വിഹാരിയെ അഭിനന്ദിച്ച് കായികലോകം. ക്രിക്കറ്റ് ജീവിതത്തില്‍ ആരം കൊതിക്കുന്ന നേട്ടം തന്നെയാണ് വിഹാരി സ്വന്തമാക്കിയിരിക്കുന്നത്. ആറ് വിക്കറ്റിന് 160 റണ്‍സ് എന്ന നിലയില്‍ നിന്നിരുന്ന ടീമിനെ രക്ഷപ്പെടുത്തുന്ന ഇന്നിങ്‌സിലാണ് വിഹാരിയുടെ മിന്നും പ്രകടനം. ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റില്‍ അരങ്ങേറ്റ അവസരം ലഭിച്ച ഹനുമാ വിഹാരി തകര്‍ത്തു കളിച്ചു. താരത്തിന് ലഭിച്ചത് അരങ്ങേറ്റത്തിലെ അര്‍ദ്ധസെഞ്ചുറി എന്ന നേട്ടവും.

അരങ്ങേറ്റ ടെസ്റ്റില്‍ ആറാം നമ്പറില്‍ ഉയര്‍ന്ന റണ്‍സ് നേടുന്ന താരങ്ങളില്‍ അഞ്ചാമനാണ് നിലവില്‍ വിഹാരി. 177 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ആറാം നമ്പറില്‍ ഏറ്റവും ഉയര്‍ന്ന റണ്‍സ് നേടിയ ഇന്ത്യന്‍ താരം. റെയ്‌ന, സേവാഗ്, അംറേ എന്നീ താരങ്ങള്‍ തൊട്ടുപിന്നിലെ സ്ഥാനങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ഈ കൂട്ടത്തിലേക്കാണ് വിഹാരിയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.
124 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വിഹാരിയുടെ ഇന്നിംങ്‌സ്. വിഹാരിയുടെ തകര്‍പ്പന്‍ പ്രകടനത്തിന് നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്.