വര്‍ഷങ്ങള്‍ക്ക് ശേഷം വെള്ളിത്തിരയിലേക്ക് വീണ്ടുമൊരു ജോക്കര്‍; വീഡിയോ കാണാം

September 23, 2018

ലോക സിനിമാപ്രേമികള്‍ക്ക് ഒരിക്കലും തങ്ങളുടെ ഹൃദയത്തില്‍ നിന്നും പറിച്ചെറിയാന്‍ പറ്റാത്ത കഥാപാത്രമാണ് ‘ഡാര്‍ക് നൈറ്റ് എന്ന ചിത്രത്തിലെ ജോക്കര്‍. മരണപ്പെട്ടുപോയ ഹീത്ത് ലെഡ്ജറെ ആണ് ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ജോക്കര്‍ വീണ്ടുമെത്തുന്നു. ഈ വാര്‍ത്തയാണ് ലോക സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ടോസ് ഫിലിപ്‌സിന്റെ ‘ജോക്കര്‍’ എന്ന ചിത്രത്തിലാണ് വില്ലന്‍ ജോക്കര്‍ വീണ്ടും എത്തുന്നത്. ഹ്വാക്കിന്‍ ഫീനിക്‌സാണ് വെള്ളിത്തിരയില്‍ പുതിയ ജോക്കറായി വേഷമിടുന്നത്.

ചിത്രത്തിന്റെ സംവിധായകന്‍ ഫിലിപ്‌സ് തന്നെ ഫീനിക്‌സ് ജോക്കറാകുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. മൂന്നു തവണ അക്കാദമി അവാര്‍ഡ് നോമിനേഷന്‍ ലഭിച്ച താരമാണ് ഫീനിക്‌സ്. അതുകൊണ്ടുതന്നെ ഫീനിക്‌സിന്റെ ജോക്കര്‍ മികച്ചുനില്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

നിരവധി ജോക്കര്‍ കഥാപാത്രങ്ങള്‍ സിനിമകളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കിലും ലെഡ്ജറുടെ ജോക്കര്‍ തന്നെയാണ് എക്കാലത്തും ആരാധകര്‍ക്കിടയില്‍ ഇടംപിടിച്ചത്. കഥാപാത്രത്തെ അനശ്വരമായി അവതരിപ്പിച്ചെങ്കിലും വെള്ളിത്തിരയില്‍ താന്‍ ചെയ്ത കഥാപാത്രത്തെ കാണാന്‍ ലെഡ്ജര്‍ക്കു സാധിച്ചിരുന്നില്ല. ലെഡ്ജറുടെ മരണശേഷമാണ് ഡാര്‍ക് നൈറ്റ് തീയറ്ററുതകളിലെത്തിയത്. ഓസ്‌കര്‍ അവാര്‍ഡും ഈ കഥാപാത്രം നേടിയിരുന്നു.

ഫിലിപ്‌സ് തയാറാക്കുന്ന ‘ജോക്കര്‍’ എന്ന ചിത്രത്തിലെ കഥാ പ്രമേയം എഴുപതുകളില്‍ നടക്കുന്ന ഒരു സംഭവമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്തായാലും ഫീനിക്‌സിന്റെ ജോക്കര്‍ രൂപവും ഏറ്റെടുത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.