രാജ്യാന്തര ചലച്ചിത്രമേള: ചെലവ് കുറച്ച് നടത്താന്‍ തീരുമാനം

September 25, 2018

ഐഎഫ്എഫ് കെ നടത്താന്‍ മുഖ്യമന്ത്രി അനുമതി നല്‍കി. കേരളത്തെ ഉലച്ച പ്രളയക്കെടുതിയെ തുടര്‍ന്ന് രാജ്യാന്തര ചലച്ചിത്രമേള നടത്തേണ്ടതില്ല എന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന തീരുമാനം. എന്നാല്‍ ചെലവു ചുരുക്കി ചലച്ചിത്രമേള സംഘടിപ്പിക്കാമെന്ന ചലച്ചിത്ര അക്കാദമിയുടെ നിര്‍ദ്ദേശത്തിനാണ് മുഖ്യമന്ത്രി അനുമതി നല്‍കിയത്. ഡെലിഗേറ്റ് ഫീസ് വര്‍ധിപ്പിക്കണമെന്നും ഉദ്ഘാടന ചടങ്ങ് ഉപേക്ഷിക്കണമെന്നും അക്കാദമി നിര്‍ദ്ദേശിച്ചിരുന്നു.

ഐഎഫ്എഫ്‌കെ നടത്താന്‍ അനുമതി നല്‍കിയെങ്കിലും സര്‍ക്കാര്‍ ഇതിനായി പണം നല്‍കില്ല. ചലച്ചിത്ര അക്കാദമി സ്വന്തം നിലയ്ക്കാണ് മേള സംഘടിപ്പിക്കേണ്ടത്. ചെലവ് കുറഞ്ഞ രീതിയില്‍ മേള ഒരുക്കാനാണ് അക്കാദമിയുടെ തീരുമാനം. അതേ സമയം ഡെലിഗേറ്റ് ഫീസില്‍ വര്‍ധനവ് വരുത്തണമെന്നും അക്കാദമി അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇതുപ്രകാരം ഡെലിഗേറ്റ് ഫീസ് 650 ല്‍ നിന്നും 1500 രൂപയാക്കാനും വിദ്യാര്‍ത്ഥികളുടെ ഫീസ് 350 രൂപയില്‍ നിന്ന് 700 രൂപയാക്കാനും അക്കാദമി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതിനുപുറമെ വിദേശത്തുനിന്നും ജൂറി അധ്യക്ഷന്മാരെ കൊണ്ടുവരുന്നതു ഒഴിവാക്കാനും അവാര്‍ഡുകള്‍ക്കുള്ള സമ്മാനത്തുക കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ ലോകസിനിമ ഒഴിവാക്കണമെന്നും മത്സരത്തിനായി മലയാള സിനിമാ വിഭാഗം ഇന്ത്യന്‍ സിനിമാ വിഭാഗം എന്നിങ്ങനെ പരിമിതപ്പെടുത്തണമെന്നും ചലച്ചിത്ര അക്കാദമി നിര്‍ദ്ദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.