നന്മ വറ്റാത്ത മനസുമായി ഓട്ടോക്കാരൻ; നല്ല മനസിന് ആശംസകളുമായി കേരളാ പോലീസ്

September 11, 2018

കേരളം നേരിട്ട പ്രളയക്കെടുതിയെ ചങ്കുറപ്പോടെ നേരിട്ട മലയാളികളെ നോക്കി  ലോകം ഉറക്കെ പറഞ്ഞത് ഇങ്ങനെയാണ് ” അവർ മലയാളികളാണ് എല്ലാത്തിനെയും ഒരുമിച്ച് നേരിടുന്നവർ അവർ ഇതും അതിജീവിക്കും..” നന്മ വറ്റാത്ത കേരളത്തിലെ ആളുകളുടെ ഒത്തൊരുമയിലാണ് കേരളം നേരിട്ട മഹാപ്രളയത്തെവരെ നമ്മൾ ചങ്കുറപ്പോടെ നേരിട്ടത്. കേരളത്തിലെ നന്മ വറ്റാത്ത ജനതയുടെ അവസാനത്തെ ഉദാഹരണമായി മാറുകയാണ് ഈ കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവർ.

കോഴിക്കോടിലെ ഓട്ടോ ഡ്രൈവർമാരുടെ സ്നേഹത്തെക്കുറിച്ച് ലോകം മുഴുവനുമുള്ള മലയാളികൾ ചർച്ച ചെയ്യാറുള്ളതാണ്. അത്തരത്തിൽ ലോകത്തിന് മാതൃകയാവുകയാണ് ബഷീർ എന്ന ഓട്ടോ ഡ്രൈവർ. തന്റെ ഓട്ടോറിക്ഷയിൽ കയറിയ യാത്രക്കാരൻ മറന്നു വച്ച ഒന്നരക്കിലോ ഭാരം വരുന്ന സ്വർണ്ണക്കട്ടി തിരിച്ചു നൽകിയാണ് ബഷീർ ലോകത്തിന് മാതൃകയാകുന്നത്‌. വണ്ടിയിൽ കയറിയ വ്യക്തി മറന്നു വച്ച പൊതി തുറന്നു നോക്കുന്നതിന് മുൻപ് തന്നെ ഇതെങ്ങനെ ഉടമയെ കണ്ടെത്തി തിരിച്ചു നൽകും എന്ന വിഷമത്തിലായിരുന്ന ബഷീർ.

പോലീസ് സ്റ്റേഷനിലേക്ക് കടലാസ് പൊതിയുമായി പോയ ബഷീർ തുറന്നു നോക്കിയപ്പോൾ കണ്ട സ്വർണക്കട്ടി ടൌൺ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് നൽകുകയായിരുന്നു. മറന്നുവെച്ച പൊതി തിരിച്ചു നൽകിയ ബഷീറിന്റെ നല്ല മനസിനെ ആദരിക്കാനും കോഴിക്കോടിലെ പോലീസുകാർ മറന്നില്ല. പോലിസ് സ്റ്റേഷൻ മുറ്റത്ത് ആദരിക്കൽ ചടങ്ങ് നടത്തിയ ശേഷം ബഷീറിന് സമ്മാനങ്ങൾ നൽകാനും അവിടെ ഒത്തുകൂടിയ നാട്ടുകാരും പോലീസുകാരും മറന്നില്ല.