സിനിമ ലൊക്കേഷനിൽ വിവാഹവാർഷികം ആഘോഷിച്ച് താരങ്ങൾ; വൈറൽ വീഡിയോ കാണാം..

September 8, 2018

സിനിമ ലൊക്കേഷനിൽ വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച താരജോഡികളായിരുന്നു ജയറാമും പാർവ്വതിയും. ഇരുവരുടെയും വിവാഹ വാർഷികമായിരുന്നു ഇന്നലെ. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന പാർവ്വതി ജയറാമിന് പൂർണ പിന്തുണയുമായി ഇപ്പോഴും കൂടെത്തന്നെയുണ്ട്. ജയറാമിന്റെ പുതിയ ചിത്രമായ ലോനപ്പന്റെ മാമ്മോദീസായുടെ ലൊക്കേഷനിൽ വച്ചാണ് ഇരുവരുടെയും വിവാഹ വാർഷികം ആഘോഷിച്ചത്..

കേക്കുമുറിച്ചും പാട്ടുപാടിയും വിവാഹ വാർഷികം  ആഘോഷമാക്കിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോട് നന്ദി പറയാനും മലയാളത്തിന്റെ ജനപ്രിയ നടൻ ജയറാം മറന്നില്ല. ലിയോ തദ്ദേവൂസ് സംവിധാനം ചെയ്യുന്ന പുതിയ  ചിത്രമാണ് ‘ലോനപ്പന്റെ മാമ്മോദീസ’.  പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് ചിത്രം നിർമിക്കുന്നത്.  ചിത്രത്തിന്റെ  ആദ്യഭാഗം  അങ്കലാമിയിൽ വച്ചാണ് ചിത്രീകരിക്കുന്നത്.

ചിത്രത്തിൽ ജയറാമിനൊപ്പം കനിഹ, അന്ന രേഷ്മ രാജൻ, ശാന്തി കൃഷ്ണ, ഇന്നസെന്റ് , ദിലീഷ് പോത്തൻ , ജോജു മാള ഹരീഷ് കണാരൻ , അലൻസിയർ തുടങ്ങി വലിയ താരനിരകൾ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നാട്ടിൻ പുറത്തുകാരന്റെ വേഷത്തിൽ  ജയറാമെത്തുന്ന ചിത്രം സംവിധായകൻ സിദ്ധിഖിന്റെ വിതരണ കമ്പനിയായ എസ്  ടാക്കീസാണ്‌ തിയേറ്ററിൽ എത്തിക്കുന്നത്.

പഞ്ചവർണ തത്തയ്ക്ക് ശേഷം ജയറാം നായക വേഷത്തിൽ എത്തുന്ന ചിത്രമാണ് ലോനപ്പന്റെ മാമോദീസ. നാട്ടിൻ പുറത്തെ ആളുകളുടെ ജീവിത കഥ പറയുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.