‘തീവണ്ടി’യിലെ ഗാനത്തിന് ക്ലാസിക്കല്‍ നൃത്തം ചെയ്ത് നര്‍ത്തകി; വീഡിയോ കാണാം

September 17, 2018

ടോവിനോ തോമസ് നായകനായെത്തുന്ന ‘തീവണ്ടി’ എന്ന ചിത്രം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കി തീയറ്ററുകളില്‍ കുതിച്ചുപായുന്നു. ചിത്രം റിലീസ് ആകുന്നതിനു മുമ്പേ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ‘ജീവാംശമായ്…’എന്നു തുടങ്ങുന്ന ഗാനത്തിന്റെ ക്ലാസിക്കല്‍ നൃത്തമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.

അഞ്ജലി ഹരി എന്ന നര്‍ത്തകിയാണു ഈ വൈറല്‍ നൃത്തത്തിനു പിന്നില്‍. കോട്ടയം ജില്ലയിലെ പുതുപ്പള്ളിയാണ് അഞ്ജലിയുടെ സ്വദേശം. നൃത്ത അധ്യാപിക കൂടിയാണ് അഞ്ജലി.

കുട്ടികളുടെ ആവശ്യപ്രകാരമാണ് അഞ്ജലി ‘ജീവാംശത്തിന്’ക്ലാസിക്കല്‍ ചുവടുകള്‍ വെച്ചത്. നൃത്തത്തിന്റെ വീഡിയോ അഞ്ജലി തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍തന്നെ നൃത്തം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അഞ്ജലിയുടെ നൃത്തം ഷെയര്‍ ചെയ്യുന്നത്.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി മുന്നേറുന്നത്.