‘മുല്ല’യുടെ കഥ പറഞ്ഞ് ജോബ് കുര്യന്റെ പാട്ട്; വീഡിയോ കാണാം

September 29, 2018

മുല്ലച്ചെടയും മുല്ലപ്പൂക്കളുമൊക്കെ പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്. മുല്ലയും ജീവിതവും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുകയാണ് ജോബ് കുര്യന്റെ ‘മുല്ല’ എന്ന പുതിയ വീഡിയോ ഗാനം. ജോബ് കുര്യന്‍ തന്നെയാണ് യൂട്യൂബില്‍ ഗാനം പങ്കുവെച്ചതും.

ഒരു ചെറു കുറിപ്പോടുകൂടിയാണ് ജോബ് കുര്യന്‍ വീഡിയോ ഗാനം പങ്കുവെച്ചത്. തന്റെ ജീവിതത്തിലുടനീളം മുല്ലയുടെ സ്വാധീനം അനുഭവിക്കാറുണ്ടെന്നു പറഞ്ഞാണ് ജോബിന്റെ കുറിപ്പ് ആരംഭിക്കുന്നത്. കുട്ടിക്കാലം മുതല്‍ക്കെ മുല്ല ഹൃദയത്തില്‍ ഇടം നേടിയിട്ടുണ്ടെന്നും ഗായകന്‍ പറയുന്നു. മുല്ലയുടെ ഓര്‍മ്മകള്‍ പ്രീയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കൂടിയാണ്. മാതാപിതാക്കള്‍ക്കും പ്രകൃതിക്കും അധ്യാപകര്‍ക്കും ദൈവത്തിനും സ്‌നേഹിക്കുന്നവര്‍ക്കും മുല്ല സമര്‍പ്പിക്കുന്നു എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ ഗാനത്തെക്കുറിച്ചുള്ള ജോബ് കുര്യന്റെ കുറിപ്പ് അവസാനിക്കുന്നത്.

ഈ മാസം 28 ന് യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ഇരപതിനായിരത്തോളം ആളുകളാണ് കണ്ടത്. സാമൂഹ്യമാധ്യമങ്ങളിലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട് ‘മുല്ല’ എന്ന വീഡിയോ ഗാനത്തിന്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖറിന്റേതാണ് ഗാനത്തിലെ വരികള്‍. ജോബ് കുര്യന്‍ തന്നെയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും.