ടോവിനോയുടെ കൽക്കി ഇൻസ്‌പെക്ടർ ബൽറാമിനെപ്പോലെ; പ്രശോഭ്

September 18, 2018

മലയാളികളുടെ പ്രിയപ്പെട്ട യുവതാരം ടോവിനോയെ നായകനാക്കി നവാഗതനായ പ്രവീൺ പ്രഭാരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൽക്കി ഉടൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം  പുറത്തിറങ്ങി. ടോവിനോ പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്. മുമ്പും പൃഥ്വിരാജ് നായകനായുള്ള എസ്ര എന്ന ചിത്രത്തിൽ ടോവിനോ പോലീസുകാരന്റെ വേഷമണിഞ്ഞിരുന്നു. എന്നാൽ ടോവിനോ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം വൻ വിജയമാകുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

അതേസമയം കൽക്കിയുടെ പ്രമേയം ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ നടത്തുന്ന കേസന്വേഷണമല്ലയെന്നും   ടൊവീനോയുടെ കഥാപാത്രം ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രത്തിന് സമാനമായിരിക്കുമെന്നും  ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ പ്രശോഭ് കൃഷ്ണ അഭിപ്രായപ്പെട്ടു. ‘ഒരുപാട് ആരാധകരുള്ള ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലെ മമ്മൂട്ടി കഥാപാത്രവുമായി സാമ്യമുള്ളതാണ് കല്‍ക്കിയിലെ ടൊവീനോയുടെ നായകന്‍. ചിത്രത്തില്‍ ഉടനീളം പൊലീസ് വേഷത്തില്‍ തന്നെയാവും ടൊവീനോ പ്രത്യക്ഷപ്പെടുക. എന്നാല്‍ കേസന്വേഷണമല്ല ചിത്രം. മറിച്ച് ഒരു സ്ഥലത്ത് സംഭവിക്കുന്ന ചില സംഭവങ്ങളാണ് സിനിമയില്‍ കടന്നുവരുന്നത്.’ വിഷ്ണുവിന്റെ അവസാന അവതാരമായ കല്‍ക്കിയുടെ പേര് സിനിമയ്ക്ക് നല്‍കിയതിനെക്കുറിച്ചും പ്രശോഭ് പറയുന്നു. ‘വിനാശത്തിന്റെ മുന്നോടിയായി എത്തുന്നയാളാണ് പുരാണത്തിലെ കല്‍ക്കി. ടൊവീനോയുടെ കഥാപാത്രവുമായി ഈ സങ്കല്‍പത്തിന് ചില സാമ്യങ്ങളുണ്ട്’ പ്രശോഭ് പറഞ്ഞു.

പ്രവീൺ പ്രഭാരവും സജിൻ സുജാതനും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ്. ടൊവിനോ നായകനായി എത്തിയ ഫെല്ലിനി ചിത്രം തീവണ്ടി മികച്ച പ്രതികരണങ്ങൾ നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടെയാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പറത്തുവിട്ടിരിക്കുന്നത്.