25 വർഷങ്ങൾക്ക് ശേഷം കലോത്സവത്തിന് വേദിയൊരുക്കാനൊരുങ്ങി കാസർഗോഡ്…
കേരളം നേരിട്ട മഹാപ്രളയത്തെ കണക്കിലെടുത്ത് കലയുടെ ഉത്സവം ഇത്തവണ ഒരുങ്ങുന്നത് അതിജീവനോത്സവത്തിനാണ്. മഹാപ്രളയത്തെ തുടർന്ന് മാറ്റിവെച്ച കലോത്സവം ഇത്തവണ വീണ്ടും നടത്താൻ തീരുമാനിച്ചപ്പോൾ ദീർഘനാളത്തെ പരിശീലനത്തിന് ശേഷം കലാപ്രകടനത്തിന് കുട്ടികള്‍ക്ക് അവസരം നഷ്ടമാവും എന്ന ആക്ഷേപത്തിന് പരിഹാരമായാണ് അതിജീവനോത്സവം നടത്താമെന്ന നിര്‍ദേശം ഉയര്‍ന്നത്. ടാലന്റ് ലാബ് വഴി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികള്‍ക്ക് കലാപ്രകടനത്തിന് പരിശീലനം നല്‍കുക, ഗ്രേസ് മാര്‍ക്കിനുപകരം പ്ലസ് വണ്‍ പ്രവേശനത്തിന് വെയ്റ്റേജ് നല്‍കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉയർന്നിരുന്നു.
അതേസമയം കലോത്സവം നടത്താൻ തീരുമാനമായതിനെത്തുടർന്ന് ഈ വർഷം ആലപ്പുഴയിൽ നടത്താനിരുന്ന കലോത്സവം, പ്രളയം ആലപ്പുഴയെ വളരെ പ്രതികൂലമായി ബാധിച്ചതിനാൽ പ്രളയം അധികമൊന്നും ബാധിക്കാതിരുന്ന കാസർഗോഡ് നടത്താൻ കാസർഗോഡ് ജില്ലാ ഭരണകൂടം മുന്നോട്ട് വരികയായിരുന്നു. കലോത്സവം നടത്താനിരുന്നത് ആലപ്പുഴയിലായിരുന്നു. അതേസമയം പ്രളയത്തെ തുടർന്ന് എങ്ങനെ ആലപ്പുഴയിൽ കലോത്സവം നടത്തുമെന്ന് ആശങ്കയിലായിരുന്നു ആലപ്പുഴ ജില്ലാ ഭരണകൂടം.
എന്നാൽ പ്രളയം അധികം ബാധിച്ചിട്ടില്ലാത്ത കാസർഗോഡ് ജില്ലാ ഭരണകൂടം അവിടെ കലോത്സവം നടത്താൻ തയാറാണെന്ന് കാണിച്ച് മുന്നോട്ട് വരികയായിരുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് കത്തയക്കാൻ ഇരിക്കുകയാണ് ജില്ലയിലെ എം എൽ എ മാർ. 25 വർഷങ്ങൾക്ക് മുമ്പ് മാത്രം കലോത്സവത്തിന് വേദിയായ കാസർഗോഡുകാർ ഇത്തവണ തങ്ങളുടെ നാട് വലിയൊരു കലയുടെ മഹോത്സവത്തിന് വേദിയാകുമെന്നുള്ള പ്രതീക്ഷയിലാണ്.