മീരാ ജാസ്മിനെ പേടിച്ച നിമിഷങ്ങൾ; വെളിപ്പെടുത്തലുമായി കീർത്തി സുരേഷ്

September 26, 2018

നിരവധി മികച്ച ചിത്രങ്ങളിലെ അഭിനയത്തിലൂടെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയ താരമാണ് മീര ജാസ്‍മിൻ.  ഒരുകാലത്ത് മലയാള സിനിയമയിൽ നിറഞ്ഞു നിന്ന മീര ജാസ്‌മിൻ വിവാഹത്തിന് ശേഷം സിനിമ മേഖലയിൽ നിന്നും മാറി നിൽക്കുകയാണ്. എന്നാൽ മീര ജാസ്മിൻ എന്ന നടിയെ പേടിച്ച അനുഭവം തുറന്നു പറയുകയാണ് കീർത്തി സുരേഷ്. മീര അഭനയിച്ച് വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം അഭിനയിക്കാൻ എത്തിയപ്പോഴുള്ള പേടിയെക്കുറിച്ചും ടെൻഷനെക്കുറിച്ചുമാണ് കീർത്തി പറയുന്നത്.

സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് കീർത്തി മീര ജാസ്മിൻ അഭിനയിച്ച കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ എത്തിയത്. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് സണ്ടക്കോഴിയുടെ രണ്ടാം ഭാഗവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തുന്നത്. സണ്ടക്കോഴി  എന്ന ചിത്രത്തിൽ മീരാ ജാസ്മിൻ അവതരിപ്പിച്ച ഹേമ എന്ന കഥാപത്രത്തെയാണ് കീർത്തി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് കീർത്തി സുരേഷ് ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.

“സണ്ടക്കോഴിയിൽ മീര ജാസ്മിൻ അവതരിപ്പിച്ച ഹേമ എന്ന കഥാപത്രത്തെ എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു. എനിക്കും വളരെയധികം ഇഷ്ടമുള്ള കഥാപാത്രമായിരുന്നു ഹേമയുടേത്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥ വളരെ ആശങ്കയോടെയാണ് കേട്ടത്.  മീര ജാസ്മിൻ ചെയ്ത് മനോഹരമാക്കിയ കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കും എന്നതിലായിരുന്നു തന്റെ ആശങ്ക” കീർത്തി സുരേഷ് പറഞ്ഞു.

തമിഴകവും മലയാളികളും ഒരുപോലെ ആസ്വദിച്ച എൻ ലിങ്കുസ്വാമി ചിത്രം ‘സണ്ടക്കോഴി’യുടെ രണ്ടാം ഭാഗം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കീർത്തി സുരേഷും വിശാലും പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്ന ‘സണ്ടക്കോഴി 2’ ഒരു റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രമാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിൽ രണ്ടു കഥാപാത്രങ്ങളായാണു വിശാൽ എത്തുന്നത്. വിശാലിനും കീർത്തിക്കും പുറമെ വരലക്ഷ്മി, രാജ്‌കിരണ്‍, സൂരി എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആരാധകർ കാത്തിരിക്കുന്ന ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തും.