‘വിഷമിക്കേണ്ട എല്ലാം ശരിയാകും’..കേരളത്തിന് ആശ്വാസവാക്കുകളുമായി പതിനൊന്ന് വയസുകാരി, വൈറലായി കുറിപ്പ്…
കേരളം നേരിട്ട പ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളക്കര.. കേരളത്തിനെ പഴയ രീതിയിലേക്ക് പടുത്തുയർത്താൻ ദിവസേന നിരവധി ആളുകളാണ് സഹായ ഹസ്തവുമായി എത്തുന്നത്..ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായ ഹസ്തവുമായി ദിവസേന എത്തുന്ന ആളുകൾ സാമ്പത്തികമായും മറ്റ് ആവശ്യവസ്തുക്കൾ നൽകിയും കേരളത്തിന് സഹായം നൽകുന്നത് ഏറെ ആശ്വാസകരമാണ്. ഇത്തരത്തിൽ ദുരിതക്കയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുയാണ് ഹൈദരാബാദിൽ നിന്നും ഒരു കൊച്ചുപെൺകുട്ടി.
“വിഷമിക്കേണ്ട എല്ലാം ശരിയാകും” ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാധനങ്ങള്‍ക്കിടയില്‍ നിന്നാണ് ഈ കുറിപ്പ് അധികൃതർ കണ്ടെത്തിയത്. ഹൈദരാബാദ് ടൈംസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ മാളവിക അലീക്കലാണ് കേരളത്തിലെ ദുരിതബാധിതര്‍ക്കായി വിദ്യാലയത്തില്‍ ശേഖരിച്ച സാധനങ്ങള്‍ക്കൊപ്പം പ്രതീക്ഷയുടെ ഈ കുറിപ്പ് എഴുതി വച്ചത്.
കേരളത്തിൽ ഉണ്ടായ മഹാപ്രളയത്തെക്കുറിച്ചറിഞ്ഞ് സ്കൂൾ അധികൃതർ വിദ്യാലയത്തില്‍ നിന്നും അവശ്യസാധനങ്ങള്‍ ശേഖരിച്ച് കേരളത്തിലേക്ക് നല്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കുട്ടികളോടും തങ്ങളാല്‍ കഴിയുന്നത് കൊണ്ടുവരാന്‍ അധ്യാപകർ ആവശ്യപ്പെട്ടിരുന്നു. അധ്യാപകരുടെ നിർദ്ദേശപ്രകാരം രണ്ടുദിവസം കൊണ്ട് സ്വരുക്കൂട്ടിയ വിവിധ സാധനങ്ങളാണ് മാളവിക സ്കൂളില്‍ ഏല്‍പ്പിച്ചത്. സാധനങ്ങൾക്കൊപ്പം ആശ്വാസം പകരുന്ന ഒരു കുറിപ്പും ഈ ബാലിക എഴുതിവെച്ചു.
മലയാളം എഴുതാൻ അറിയില്ലാത്ത മാളവിക മലയാളിയായ അമ്മയുടെ സഹായത്തോടെയാണ് കുറിപ്പ് എഴുതിയത്. അമ്മയാണ് അവളുടെ ആവശ്യപ്രകാരം വിഷമിക്കേണ്ട എല്ലാം ശരിയാവുമെന്ന് എഴുതി നല്‍കിയത്. അതിനുതാഴെ തന്റെ പേരും കുറച്ച് പൂക്കളുടെ ചിത്രങ്ങളും വരച്ചുചേര്‍ത്ത് മാളവിക കേരളത്തിലേക്കുള്ള സാധനങ്ങൾക്കൊപ്പം അധികൃതരെ ഏൽപ്പിക്കുകയായിരുന്നു.
കോഴിക്കോട് മാങ്കാവ് പട്ടേല്‍താഴം സ്വദേശിയായ രഘു അലീക്കലിന്റെയും സോണിയുടെയും മകളാണ് ഏഴാം ക്ലാസുകാരിയായ മാളവിക.