“താങ്ക്യൂ, മഞ്ജു ആന്റി കാരണമാണ് എന്റെ അമ്മ 17 വർഷങ്ങൾക്ക് ശേഷം നൃത്തം ചെയ്‌തത്‌..”; മഞ്ജു വാര്യർക്ക് ഒരു കുഞ്ഞാരാധികയുടെ കത്ത്

September 18, 2022

ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്‌ടം നേടിയ താരമാണ് മഞ്ജു വാര്യർ. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളായ താരം അവിസ്‌മരണീയമായ ഒട്ടേറെ അഭിനയ മുഹൂർത്തങ്ങളാണ് മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ളത്. സിനിമയിൽ നിന്ന് ഏറെക്കാലം വിട്ട് നിന്നതിന് ശേഷം ഗംഭീരമായ ഒരു തിരിച്ചു വരവാണ് താരം നടത്തിയത്.

ഒരുപാട് ആളുകൾക്ക് പ്രചോദനമായിരുന്നു മഞ്ജു വാര്യരുടെ രണ്ടാം വരവ്. അഭിനയത്തിലേക്കും നൃത്തത്തിലേക്കും താരം തിരിച്ചു വന്നത് ഒരുപാട് സ്‌ത്രീകൾക്ക് പ്രചോദനമായി മാറിയിരുന്നു. ഇപ്പോൾ അത്തരത്തിലൊരു പ്രചോദന കഥയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ഒരു കുഞ്ഞാരാധിക മഞ്ജു വാര്യർക്ക് എഴുതിയ ഒരു കത്തിലൂടെയാണ് ഈ കഥയെപ്പറ്റി എല്ലാവരും അറിയുന്നത്. 17 വർഷങ്ങൾക്ക് ശേഷം തന്റെ അമ്മ നൃത്തം ചെയ്‌തത്‌ മഞ്ജു വാര്യരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നാണ് ഈ കുഞ്ഞാരാധിക പറയുന്നത്. തൻറെ അമ്മയെ പോലെ ഒരുപാട് ആളുകൾക്ക് അവരുടെ ഒളിഞ്ഞു കിടന്ന കഴിവുകൾ പുറത്തു കൊണ്ട് വരാൻ മഞ്ജു ആന്റി കാരണമായിട്ടുണ്ടെന്നും ദേവൂട്ടി എന്ന ആരാധിക കൂട്ടിച്ചേർത്തു.

“ഞാൻ നിങ്ങളുടെ സിനിമകളൊന്നും കണ്ടിട്ടില്ല. മമ്മയും പപ്പയും പറഞ്ഞ് നിങ്ങളെ അറിയാം. സുജാത എന്ന സിനിമയാണ് ഞാൻ കണ്ടിട്ടുള്ളതിൽ ഓർത്തുവെക്കുന്ന സിനിമ. നിങ്ങൾ എത്രപേർക്ക് പ്രചോദനമാണെന്നും എനിക്കറിയാം. എന്റെ മമ്മ 17 വർഷത്തിന് ശേഷം വീണ്ടും നൃത്തം ചെയ്തു. അതിന് കാരണം നിങ്ങൾ മാത്രമാണ്. അതിന് ഒരുപാട് ഒരുപാട് നന്ദി.ഇതുപോലെ നിരവധി ആന്റിമാരുടെ ഒളിഞ്ഞുകിടന്ന കഴിവുകൾ വെളിച്ചത്ത് കൊണ്ടുവന്നതിന് കാരണം നിങ്ങൾ മാത്രമാണ്. ഒരുപാട് ഒരുപാട് ഇഷ്ടമാണ് എനിക്ക്. ഇനിയും ഒരുപാട് പേരെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുക, സ്‌നേഹത്തോടെ ദേവൂട്ടി” -ഇതാണ് കത്തിന്റെ ഉള്ളടക്കം.

Read More: ഇതാണ് ആ ഭാഗ്യവാൻ; ഓണം ബമ്പറിന്റെ 25 കോടി നേടിയ തിരുവനന്തപുരം സ്വദേശി അനൂപ് ടിക്കറ്റുമായി ലോട്ടറി ഏജന്‍സിയിലെത്തി-വിഡിയോ

കുഞ്ഞാരാധികയുടെ കത്ത് മഞ്ജു വാര്യർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചില സ്‌നേഹ പ്രകടനങ്ങൾക്ക് എത്ര വിലക്കൊടുത്താലും മതിയാകില്ല എന്ന അടിക്കുറിപ്പോടെയാണ് താരം കത്ത് ഷെയർ ചെയ്തത്.

Story Highlights: Manju warrier shares a letter from a little girl