കല്യാണം ആഘോഷമാക്കി ചാക്കോച്ചനും നിമിഷയും; മാംഗല്യം തന്തുനാനേനയിലെ പുതിയ ഗാനം കാണാം..

September 18, 2018

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ നായകനായി എത്തുന്ന പുതിയ ചിത്രം മാംഗല്യം തന്തുനാനേയുടെ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം പ്രേക്ഷകർ നേരത്തെ ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ‘മെല്ലെ മെല്ലെ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോബ് കുര്യൻ, അലൻസിയർ, വിജയ രാഘവൻ ശാന്തി കൃഷ്ണ എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനം രചിച്ചിരിക്കുന്നത് ദിൻനാഥ്‌  പുത്തഞ്ചേരിയാണ്.

സൗമ്യ സദാനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം  കുടുംബ പശ്ചാത്തലം മുഖ്യ പ്രമേയമാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കുടുംബചിത്രം എന്നതിലുപരി ഒരു കോമഡി എന്റര്‍ടെയ്‌നര്‍ കൂടിയാണ് മാംഗല്യം തന്തുനാനേന. ‘ജവാന്‍ ഓഫ് വെള്ളിമല’, ‘ഓലപ്പീപ്പി’, ‘കെയര്‍ ഓഫ് സൈറാ ബാനു’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സഹസംവിധായകയായി പ്രവര്‍ത്തിച്ചിട്ടുണ്ട് സൗമ്യ സദാനന്ദന്‍. എന്നാല്‍ സൗമ്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാംഗല്യം തന്തുനാനേന.

ചിത്രത്തില്‍ റോയ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍ റോയിയുടെ ഭാര്യ ക്ലാരയായും ചിത്രത്തിലെത്തുന്നു. ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയ രാഘവന്‍, സലീം കുമാര്‍, സൗബിന്‍ സാഹിര്‍, കൊച്ചുപ്രേമന്‍ തുടങ്ങിയവരും മാംഗല്യം തന്തുനാനേനയില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നണ്ട്. ഈ മാസം 20 ന് ചിത്രം തീയറ്ററുകളിലെത്തും.