കായിക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; കോഹ്‌ലിക്കും മീരാഭായിക്കും ഖേല്‍രത്‌ന

September 21, 2018

ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വീരാട് കോഹ്‌ലിക്കും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ സ്വര്‍ണ്ണം നേടിയ സൈഖോം മീരാഭായ് ചാനുവിനും പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ചു.

സച്ചിന്‍ തെണ്ടൂല്‍ക്കര്‍ക്കും എം എസ് ധോണിക്കും ശേഷം ഖേല്‍രത്‌ന നേടുന്ന ക്രിക്കറ്റ് താരം എന്ന ബഹുമതിയും വീരാട് കോഹ് ലിക്കുണ്ട്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെയും ഏകദിന ക്രിക്കറ്റിന്റെയും റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് വീരാട് കോഹ്‌ലി. മുന്‍ വര്‍ഷങ്ങളിലും ഖേല്‍രത്‌നയ്ക്ക് കോഹ്‌ലിയുടെ പേര് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും പുരസ്‌കാരം ലഭിക്കുന്നത് ഇത്തവണയാണ്. 7.5 ലക്ഷം രൂപ വീതമാണ് ഖേല്‍രത്‌ന ജേതാക്കള്‍ക്ക് ലഭിക്കുക.

20 കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും ലഭിച്ചു. എഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും വെള്ളിയും നേടിയ ജിന്‍സണ്‍ ജോണ്‍സണ് നേരത്തെതന്നെ അര്‍ജുന അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, സ്പ്രിന്റര്‍ ഹിമാ ദാസ്, വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന എന്നിവര്‍ക്കും അര്‍ജുന അവാര്‍ഡ് ലഭിച്ചു.

ഹൈജമ്പില്‍ ദേശീയ റെക്കോര്‍ഡ് കുറിച്ച ബോബി അലോഷ്യസിനാണ് കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌കാരം ലഭിച്ചത്. അര്‍ജുന, ധ്യാന്‍ചന്ദ് പുരസ്‌കാര ജേതാക്കള്‍ക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും.

ഈ മാസം 25 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും.

പുരസ്‌കാര ജേതാക്കളായ മറ്റ് താരങ്ങള്‍

ധ്യാന്‍ചന്ദ് പുരസ്‌കാരം

സത്യദേവ് (അമ്പെയ്ത്ത്), ഭരത് ഛേത്രി (ഹോക്കി), ദാദു ചൗഗുലേ (ഗുസ്തി)

ദ്രോണാചാര്യ പുരസ്‌കാരം

വിജയ് ശര്‍മ (ഭാരോദ്വഹനം), തരക് സിന്‍ഹ (ക്രിക്കറ്റ്), ക്ലാരന്‍സോ ലോബോ (ഹോക്കി), ജീവന്‍ ശര്‍മ (ജൂഡോ), സി.എ. കുട്ടപ്പ (ബോക്‌സിങ്), ശ്രീനിവാസ റാവു (ടേബിള്‍ ടെന്നിസ്). സുഖ്‌ദേവ് സിങ് പാന്നു (അത്‌ലറ്റിക്‌സ്), വി.ആര്‍. ബീഡു (അത്‌ലറ്റിക്‌സ്).

അര്‍ജുന അവാര്‍ഡ്

എന്‍ സിക്കി റെഡ്ഡി (ബാഡ്മിന്റന്‍), സതീഷ്‌കുമാര്‍ (ബോക്‌സിങ്), ശുഭാംഗര്‍ ശര്‍മ (ഗോള്‍ഫ്), മന്‍പ്രീത് സിങ് (ഹോക്കി), സവിത (ഹോക്കി), രവി റാത്തോഡ് (പോളോ), രാഹി സര്‍നോബത്ത്, അങ്കുര്‍ മിത്തല്‍ ശ്രേയഷി സിങ് (ഷൂട്ടിങ്), മണിക ബത്ര, ജി. സത്യന്‍ (ടേബിള്‍ ടെന്നിസ്), രോഹന്‍ ബൊപ്പണ്ണ (ടെന്നിസ്), സുമിത് (ഗുസ്തി), പൂജ കടിയാന്‍ (വുഷു), അങ്കുര്‍ ധാമ (പാര അത്‌ലറ്റിക്‌സ്), മനോജ് സര്‍ക്കാര്‍ (പാരാ ബാഡ്മിന്റന്‍).

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!