ഇന്ത്യന്‍ ദേശീയ ഗാനം ഏറ്റുപാടി പാക് ആരാധകന്‍; ഇന്നെത്തുക ഇരു രാജ്യങ്ങളുടെയും ദേശീയ പതാകയുമായി: വീഡിയോ

September 23, 2018

സാമൂഹ്യമാധ്യമങ്ങളില്‍ അടുത്തിടെ തരംഗമായിരുന്നു ഏഷ്യാ കപ്പ് പോരട്ടത്തിനിടയിലെ ഒരു പാക് ആരാധകന്റെ പ്രകടനം. ഇന്ത്യ പാക് പോരാട്ടത്തിനു തൊട്ടുമുമ്പ് ഇന്ത്യന്‍ ദേശീയ ഗാനം ഏറ്റുപാടി ആദില്‍ താജ് എന്ന പാക് ആരാധകന്‍. ആദില്‍ ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിന്റെ വീഡിയോ ഇന്ത്യക്കാരടക്കം നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തത്.

ഇപ്പോഴിതാ പുതിയൊരു പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് ആദില്‍ താജ്. ഇന്നു നടക്കുന്ന ഇന്ത്യ പാക് സൂപ്പര്‍ ഫോറില്‍ ഇരുരാജ്യങ്ങളുടെയും ദേശീയ പതാകകളുമായിട്ടായിരിക്കും താനെത്തുക എന്നാണ് ആദിലിന്റെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആദില്‍ ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ- പാക് മത്സരത്തിനിടെ ആദില്‍ ഇന്ത്യയുടെ ദേശീയ ഗാനം പാടിയപ്പോള്‍ ചുറ്റുംകൂടി നിന്നവര്‍ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നിരുന്നു. ഗാനം പൂര്‍ത്തിയായപ്പോള്‍ നിരവധി പേര്‍ ആദിലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം നിലനില്‍ക്കാന്‍ ചെറിയൊരു ചുവടുവയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ആദില്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരത്തെ യുദ്ധസമാനമായി കാണരുതെന്നും സൗഹൃദപരമായി കാണണമെന്നും ആദില്‍ പ്രതികരിച്ചു. ഇന്ത്യ പാക് ടീമുകള്‍ തമ്മിലുള്ള സൗഹൃദങ്ങള്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങള്‍ നേരത്തെ മുതല്‍ക്കെ ഇടം പിടിച്ചിരുന്നു. ആരാധകര്‍ക്കിടയിലും ഈ സൗഹൃദം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ് ആദിലിന്റെ പ്രകടനം.