ട്രെയിൻ യാത്രക്കിടെ യുവതിക്ക് പ്രസവ വേദന; ഹീറോയായി പോലീസുകാരൻ, കൈയ്യടിച്ച് സോഷ്യൽ മീഡിയ

September 16, 2018

പ്രസവവേദനകൊണ്ട് പുളഞ്ഞ യുവതിക്ക് ആശ്വാസമായി പോലീസുകാരൻ. ഹത്രാസിൽ നിന്നും ഹരീദാ ബാദിലേക്കുള്ള യാത്രക്കിടയിൽ പ്രസവ വേദന അനുഭവപ്പെട്ട യുവതിയേയും കൊണ്ട് ഭർത്താവ് മധുര സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ഒരുപാട് ആളുകളോട് യുവതിയുടെ ഭർത്താവ് സഹായം അഭ്യർത്ഥിച്ചെങ്കിലും സഹായത്തിന് ആരും എത്തിയില്ല. തുടർന്നാണ് യുവതിയെയും ഭർത്താവിനെയും സഹായിക്കുന്നതിനായി  റെയിൽവേ  പോലീസായ സോനു കുമാർ രജൗരി എത്തിയത്.

പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ആശുപത്രിയിൽ എത്തിക്കുന്നതിനായി ആംബുലസ് അറേയ്ഞ്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും വാഹനം ലഭിക്കാത്തതിനെ തുടർന്ന് സോനു കുമാർ തന്നെ യുവതിയെയും എടുത്ത് ആശുപത്രിയിലേക്ക് ഓടുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഭാവന എന്ന യുവതി ആൺകുട്ടിയ്ക്കാണ് ജന്മം നൽകിയത്. യുവതിയും കുട്ടിയും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ട് ജീവനുകൾ രക്ഷിച്ച ഉത്തർപ്രദേശ്‌ മഥുര കൺടോൺമെന്റ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് പ്രശംസകളുമായി നവ മാധ്യമത്തിലൂടെയും മറ്റുമായി നിരവധി ആളുകളാണ് ഇപ്പോൾ എത്തുന്നത്.