ഈ ഗാനം ‘അച്ഛനോടുള്ള മകന്റെ ക്ഷമാപണം’ വീഡിയോ കാണാം

September 1, 2018

ഭുവന്‍ ബാമിന്റെ ‘രഹ്ഗുസര്‍’ എന്ന മ്യൂസിക് വിഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ‘അച്ഛനോടുള്ള മകന്റെ ക്ഷമാപണമാണ് ഇത്’ എന്ന കുറിപ്പോടെയാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. മനോഹരമായ ഈ ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും ഭുവന്‍ ബാം തന്നെയാണ്.

യുവപ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയമായ ‘ആനന്ദം’ എന്ന സിനിമയിലൂടെ സംവിധായകരംഗത്തെത്തിയ ഗണേഷ് രാജാണ് ഈ വീഡിയോ ഗാനത്തിന്റെ സംവിധാനം. ഇതിനുമുമ്പും നിരവധി മ്യൂസിക് വീഡിയോ ആല്‍ബങ്ങള്‍ ഗണേഷ് രാജ് സംവിധാനം ചെയ്തിട്ടുണ്ട്. അതില്‍ നിന്നെല്ലാം വിത്യസ്തമായി കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ ചെയ്യുന്ന ആദ്യ മ്യൂസിക് വീഡിയോയാണ് ‘രഹ്ഗുസര്‍’. ദൃശ്യമനോഹരിതയുടെ കാര്യത്തിലും ഈ ഗാനം ഓട്ടും പിന്നിലല്ല. ആനന്ദ് സി. ചന്ദ്രനാണ് മികവോടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

ഒരു അച്ഛന്റെയും മകന്റെയും ഹൃദയത്തിനുള്ളില്‍ വേരൂന്നിയ സ്‌നേഹം തന്നെയാണ് ഗാനത്തിന്റെ പ്രമേയം. സ്‌നേഹത്തിന്റെ വലിയ സന്ദേശവും ഈ ഗാനം മുന്നോട്ടുവയ്ക്കുന്നുണ്ട്. ചെറുപ്പത്തില്‍ അച്ഛനോട് വളരെ അധികം സ്‌നേഹമുണ്ടായിരുന്ന ഒരു മകന്‍. എന്നാല്‍ തന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അച്ഛനോടുള്ള സ്‌നേഹത്തില്‍ കുറവ് വരുന്നു. അച്ഛനെക്കാള്‍ പരിഗണന നല്‍കിയത് അവന്‍ മറ്റ് പലതിനുമായിരുന്നു. തന്നില്‍ നിന്നും അച്ഛനെ മരണം വേര്‍പെടുത്തുമ്പോള്‍ മാത്രമാണ് ആ മകന് തിരിച്ചറിവുകള്‍ ഉണ്ടാകുന്നത്. ഈ സാഹചര്യങ്ങളെല്ലാം ഗാനത്തില്‍ കാണം. ആലാപനം കൊണ്ടും ഈ ഗാനം ഏറെ മികവ് പുലര്‍ത്തുന്നുണ്ട്. പ്രമേയത്തിന്റെ ആഴവും വ്യാപ്തിയുമെല്ലാം ‘രഹ്ഗുസര്‍’ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നു.

ചെറിയൊരു കുറിപ്പോടുകൂടിയാണ് ഭുവന്‍ ബാംമും ഗാനം പങ്കുവെച്ചത്. ‘എന്റെ ഹൃദയത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഈ ഗാനം. എല്ലാ അച്ഛന്‍മാര്‍ക്കുമായി ഞാനിത് സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ഭുവന്റെ കുറിപ്പ്.