പോരാട്ടത്തിന്റെ കഥ പറഞ്ഞ് ‘രണം’ പ്രേക്ഷക ഹൃദയങ്ങളിലേക്ക്

September 7, 2018

വിദേശ ലൊക്കേഷനുകള്‍ മലയാള സിനിമയുടെ ട്രെന്‍ഡ് ആകാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന നിരവധി ചിത്രങ്ങളും മലയാളത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകം കണ്ടു തഴമ്പിച്ച ക്രൈം ത്രില്ലറുകളില്‍ നിന്നും ഏറെ വിത്യസ്തമാണ് ‘രണം’. ഒരു തരം വൈകാരികത ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് ഈ ചിത്രത്തില്‍. രണ്ട് സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ നേര്‍സാക്ഷ്യം രണത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

കഥ നടക്കുന്നത് അമേരിക്കന്‍ നഗരമായ ഡിട്രോയിറ്റിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്തിലെ തന്നെ അറിയപ്പെടുന്ന ഒരു വാണിജ്യ നഗരമായിരുന്നു ഡിട്രോയിറ്റ് സിറ്റി. എന്നാല്‍ ആഭ്യന്തര കലാപങ്ങള്‍ കൊടുംപിരി കൊണ്ടപ്പോള്‍ ഡെട്രോയ്റ്റ് സിറ്റി ഒറ്റപ്പെട്ടു. തുടര്‍ന്ന് അവിടെ നടന്നത് അധോലോക സംഘങ്ങളുടെയും മയക്കമരുന്നു മാഫിയകളുടെയും ഉയര്‍ത്തെഴുന്നേല്‍പായിരുന്നു. ഈ ഒരു പ്ലോട്ടില്‍ നിന്നാണ് രണത്തിന്റെ സഞ്ചാരവും. ഒരു വശത്ത് ഗ്യാങ്ങുകള്‍ തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറയുമ്പോള്‍ മറുവശത്ത് അതിജീവനത്തിനായി രണ്ട് അറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന അമേരിക്കന്‍ മലയാളിയുടെ കഥയും രണം പറയുന്നുണ്ട്.

രണത്തിന്റെ ട്രെയിലര്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രെയിലറില്‍ പുലര്‍ത്തിയ അവതരണമികവ് സിനിമയിലും പുലര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വേറിട്ട വഴികളിലൂടെ പ്രയാണം ചെയ്യുന്നുണ്ട് കഥാ പ്രമേയം. ആദി എന്ന അമേരിക്കന്‍ മലയാളി കഥാപാത്രമാണ് രണത്തില്‍ പൃത്വിരാജ്. അഭിനയ മികവുകൊണ്ടുതന്നെ ആദി പ്രേക്ഷക ഹൃദയങ്ങളില്‍ തരക്കേടില്ലാത്ത ഒരു സ്ഥാനം കണ്ടെത്തുന്നു.

മയക്കുമരുന്ന് കച്ചവ്വടക്കാരനായ ദാമോദര്‍ രത്‌നം എന്ന ശ്രീലങ്കന്‍ വംശജനും (റഹ്മാനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്) അയാളില്‍ നിന്നും രക്ഷപ്പെടാന്‍ ആദി നടത്തുന്ന പോരാട്ടവുമാണ് രണം. ശരീരഭാഷയിലൂടെയും ഡയലോഗിലൂടെയും പ്രേക്ഷകര്‍ക്കിടയില്‍ വൈകാരികത ജനിപ്പിക്കാന്‍ ആദി എന്ന കഥാപാത്രത്തിനു സാധിച്ചിട്ടുണ്ട്. നര്‍മ്മാനുഭവങ്ങളുടെ മുഹൂര്‍ത്തങ്ങളൊന്നും ചിത്രത്തിലില്ല. എന്നാല്‍ പ്രേക്ഷകരെ ശ്വാസം മുട്ടിക്കുന്ന തീവ്രാനുഭവങ്ങളും ചിത്രത്തില്‍ ഇടം പിടിച്ചിട്ടില്ല. ചിത്രത്തിന്റെ ആദ്യ പകുതി ആകാംഷയുടെ മുഹൂര്‍ത്തങ്ങളാണ് ജനിപ്പിക്കുന്നതെങ്കിലും രണ്ടാംപകുതിയില്‍ ആകാംഷയ്ക്ക് അത്രവലിയ സ്ഥാനമൊന്നുമില്ല.

മലയാളികള്‍ കണ്ടുശീലിച്ച പതിവു ശൈലിയുള്ള അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന ചിത്രത്തില്‍ നിന്നും ഏറെ അകലം പാലിക്കുന്നുണ്ട് രണം. നിര്‍മ്മല്‍ സഹദേവന്റെ ആദ്യചിത്രമെന്ന നിലയില്‍ വളരെ മികവ് പുലര്‍ത്തുന്നുണ്ട് ഈ സിനിമ. പൃത്വിരാജിന്റെ അഭിനയം തന്നെയാണ് സിനിമയുടെ മുഖ്യ ശക്തി. നിര്‍മ്മല്‍ സഹദേവ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. തിരക്കഥയിലെ മികവും സംവിധാനത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

ചിത്രത്തില്‍ എടുത്തുപറയേണ്ട ഒന്ന് പശ്ചാത്തല സംഗീതം തന്നെയാണ്. കഥയുടെ ഗതിക്കനുസരിച്ച് പശ്ചാത്തലസംഗീതം മെനഞ്ഞെടുത്തിട്ടുണ്ട്. പശ്ചാത്തല സംഗീതത്തിനു പുറമെ സിനിമയുടെ ഛായാഗ്രഹണവും നല്ലതുതന്നെ. ഒരു ഹോളിവുഡ് സിനിമയേ ഓര്‍മ്മപ്പെടുത്തന്ന തരത്തില്‍ സാങ്കേതികവിദ്യയിലും രണം മുന്നിട്ടുനില്‍ക്കുന്നു. ദൃശ്യവിസ്മയത്തിലെയും പ്രമേയത്തിലെയും വിത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് രണം നല്ലൊരു വിരുന്ന് തന്നെയാണ്.