തമിഴകത്ത് സൂപ്പര്‍ഹിറ്റായി ‘സീമരാജ’; ശിവകാര്‍ത്തികേയനെ എറ്റെടുത്ത് പ്രേക്ഷകര്‍

September 14, 2018

ശിവകാര്‍ത്തികേയന്‍ നായകനായെത്തിയ ചിത്രം ‘സീമരാജ’യക്ക് തമിഴില്‍ മികച്ച പ്രതികരണം. തീയറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. പൊന്റാമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. പ്രദര്‍ശനത്തിന്റെ ആദ്യദിനം തന്നെ മികച്ച കളക്ഷന്‍ നേടിക്കൊണ്ടാണ് സീമരാജയുടെ മുന്നേറ്റം.

നടന്‍ സൂരിയും വിത്യസ്തമായൊരു വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. കോമഡി ചിത്രങ്ങളിലൂടെ തമിഴകത്തെ സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ ഇടംപിടിച്ച നടനാണ് സൂരി. സിക്‌സ്പാക്ക് ലുക്കിലാണ് സീമരാജയില്‍ സൂരി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. സിനിമ റിലീസ് ആകുന്നതിനു മുമ്പേ ട്വിറ്റര്‍ വഴി ശിവകാര്‍ത്തികേയന്‍ തന്നെ സൂരിയുടെ തകര്‍പ്പന്‍ ലുക്ക് പ്രേക്ഷകര്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എട്ട് മാസത്തെ കഠിന പരിശ്രമം വേണ്ടിവന്നു സിക്‌സ്പാക്ക് ലുക്ക് നേടാന്‍ സൂരിക്ക്. ഇക്കാര്യവും ശിവകാര്‍ത്തികേയന്‍ തന്റെ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചിരുന്നു.

സമാന്തയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാന്‍, നെപ്പേളിയന്‍, ലാല്‍, കെ.എസ് രവികുമാര്‍, മനോബാല തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളി താരമായ കീര്‍ത്തി സുരേഷ് അതിഥി വേഷത്തിലും ചിത്രത്തിലെത്തുന്നുണ്ട്. ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പത്ത് കോടിയിലും അധികമാണ് സീമരാജയുടെ ആദ്യദിനത്തിലെ കളക്ഷന്‍.