രാജേന്ദ്രന്റെ ഈ ‘മൊട്ടത്തല’യ്ക്കും പറയാനുണ്ട് ചിലത്

September 26, 2018

തമിഴ് സിനിമാ ലോകത്തെ നിറ സാന്നിധ്യമായ രാജേന്ദ്രന്‍ അറിയപ്പെടുന്നതുപോലും മൊട്ട രാജേന്ദ്രന്‍ എന്നാണ്. ഹാസ്യതാരമായും വില്ലനായുമൊക്കെ രാജേന്ദ്രന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ആ മൊട്ടത്തലയും പ്രേക്ഷകര്‍ ഏറ്റെടുത്തു. മൊട്ട രാജേന്ദ്രന്‍ എന്ന് സ്‌നേഹത്തോടെ താരത്തിനു പേരും നല്‍കി. കിടിലന്‍ മേയ്ക്ക് ഓവര്‍ എന്നു പറഞ്ഞ് പലരും പുകഴ്ത്തി.

എന്നാല്‍ സിനിമകള്‍ക്ക് വേണ്ടി മേയ്‌ക്കോവര്‍ ചെയ്തതായിരുന്നില്ല അദ്ദേഹത്തിന്റെ തല. ഒരു കാലത്ത് നിറയെ മുടികളുണ്ടായിരുന്നു രാജേന്ദ്രന്റെ തലയില്‍. മുഖത്തു മീശയും കട്ടിപ്പുരികങ്ങളുമൊക്കെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍. പിന്നെ എങ്ങനെ മൊട്ടത്തലയായി എന്നല്ലേ… അതിന് കാരണം ഒരു മലയാള സിനിമയാണെന്ന് പറയാം.

ദൃഢമായ ശരീരപ്രകൃതം കൊണ്ട് മികച്ച ഒരു സ്റ്റണ്ട് മാസ്റ്ററായിരുന്നു ഒരു കാലത്ത് രാജേന്ദ്രന്‍. മലാളത്തിലടക്കം വിവിധ ഭാഷകളിലുള്ള നിരവധി സിനിമകളില്‍ സ്റ്റണ്ട് മാനായി തിളങ്ങിയിരുന്ന കാലം. ഒരു മലയാള സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് രാജേന്ദ്രനെത്തേടി ആ ദുരന്തമെത്തിയത്. സ്റ്റണ്ട് സീനില്‍ അടികൊണ്ട് രാജേന്ദ്രന്‍ പുഴയില്‍ വീഴുന്നതായിരുന്നു ചിത്രീകരിക്കേണ്ടത്. രാജേന്ദ്രന്‍ നന്നായിതന്നെ അഭിനയിച്ചു. പക്ഷെ അദ്ദേഹം ചെന്നുവീണ പുഴയില്‍ ധാരാളം ഫാക്ടറി മാലിന്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. രാസവസ്തുക്കള്‍ രാജേന്ദ്രന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചു.

ദിവസങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടിവന്ന രാജേന്ദ്രന്റെ മുടിയും പുരികങ്ങളുമെല്ലാം നഷ്ടമായി. ഇനി ഒരിക്കലും തല പഴയതുപോലെ ആവില്ലെന്നും ഡോക്ടര്‍മാര്‍ വിധി എഴുതി. ഇതേതത്തുടര്‍ന്ന് വര്‍ഷങ്ങളോളം രാജേന്ദ്രന്‍ സിനിമയിലെത്തിയില്ല.

പിന്നീട് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘നാടന്‍ കടവുള്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ രാജേന്ദ്രന്‍ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. ഈ സിനിമയിലൂടെ മൊട്ടരാജേന്ദ്രന്‍ പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞു നിന്നു.

പിന്നീടിങ്ങോട്ട് ഹാസ്യതാരമായും വില്ലനായുമൊക്കെ വെള്ളിത്തിരയില്‍ തിളങ്ങുകയാണ് മൊട്ട രാജേന്ദ്രന്‍. ഇതിനോടകം തന്നെ അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് ഈ താരം. അറുപത് പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ സിക്‌സ്പാക്ക് ബോഡി ഇന്നും പഴയതുപോലെ തന്നെ.