വൈദ്യശാസ്ത്രത്തെപ്പോലും വെല്ലുവിളിച്ച ഹൃത്വിക് റോഷന്റെ ജീവിതം; വൈറലായി സഹോദരിയുടെ കുറിപ്പ്

September 1, 2018

ബോളിവുഡ് സിനിമരംഗത്ത് പകരം വയ്ക്കാനില്ലാത്ത നടനാണ് ഹൃത്വിക് റോഷന്‍. കുടുംബത്തോട് ഏറെ അടുപ്പം സൂക്ഷിക്കുന്നുണ്ട് ഈ താരം. സഹോദരി സുനൈനാ റോഷനുമായുള്ള അടുപ്പത്തെക്കുറിച്ച് മിക്ക അഭിമുഖങ്ങളിലും ഹൃത്വിക് പറഞ്ഞിട്ടുണ്ട്. സഹോദര സ്‌നേഹത്തിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളും ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഹൃത്വിക്കിനെ കുറിച്ച് സുനൈനാ റോഷന്‍ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൃത്വിക്കിന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് സഹോദരി ഈ കുറിപ്പിലൂടെ.

”ചെറുപ്പത്തില്‍ ഒരല്പം നാണംകുണുങ്ങിയായിരുന്നു ഹൃത്വിക്. സംസാരിക്കുമ്പോള്‍ വിക്കുണ്ടായിരുന്ന ഹൃത്വിക്കിനെ എല്ലാവരും കളിയാക്കിയിരുന്നു. കൂട്ടുകാരു പോലും പരിഹസിച്ചപ്പോള്‍ ഹൃത്വിക് കൂടുതല്‍ അന്തര്‍മുഖനായി. എന്നാല്‍ തന്റെ ജീവിത്തിലെ വെല്ലുവിളികളെ മറികടക്കാന്‍ പ്രയത്‌നിക്കുമായിരുന്നു അവന്‍. വിക്ക് മാറുന്നതിനായി ഹൃത്വിക് മണിക്കൂറുകളോളം ഉറക്കെ പുസ്തകങ്ങള്‍ വായിച്ചു. പതിമൂന്ന് വയസുമാത്രമായിരുന്നു അന്നത്തെ അവന്റെ പ്രായം. ഒന്നിനോടും തോല്‍ക്കാന്‍ അവന്‍ തയാറായിരുന്നില്ല.

ജനനം മുതല്‍ക്കെ പേശികളെ ബാധിക്കുന്ന ഒരു തരം രോഗം ഹൃത്വിക്കിനെ അലട്ടിയിരുന്നു. അവന്റെ പതിനഞ്ചാമത്തെ വയസിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. കുട്ടിക്കാലം മുതല്‍ക്കെ അഭിനയമായിരുന്നു ഹൃത്വിക്കിന് ഇഷ്ടം. അറിയപ്പെടുന്ന ഒരു നടനാകണമെന്നതായിരുന്നു അവന്റെ ആഗ്രഹവും. എന്നാല്‍ അവന്റെ രോഗം സ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അഭിനയം ജോലിയായി തിരഞ്ഞെടുക്കരുതെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ശരീരത്തിന് അമിതഭാരം കൊടുക്കുന്ന പ്രവര്‍ത്തികളും കഠിന വ്യായാമങ്ങളും ചെയ്യരുതെന്നും ഡോക്ടര്‍മാര്‍ ഉപദേശിച്ചു.

തന്റെ വെല്ലുവിളികളോട് പൊരുതാന്‍ തന്നെയായിരുന്നു ഹൃത്വിക്കിന്റെ തീരുമാനം. മെഡിക്കല്‍ സയന്‍സിനെ പോലും വെല്ലുവിളിച്ച് അവന്‍ വിധിയെ തിരിച്ചെഴുതി. പ്രതിസന്ധികളില്‍ തളരാതെ അവന്‍ മുന്നേറി. വേദനകളും ദുഃഖങ്ങളുമൊന്നും പുറത്തുകാണിക്കാതെ അവന്‍ എന്നും ഞങ്ങളുടെ കുടുംബത്തിന്റെ നെടും തൂണായി നിന്നു.’ സുനൈനാ റോഷന്റെ കുറിപ്പിന് മികച്ച പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

കുട്ടിയായിരുന്നപ്പോള്‍ത്തന്നെ ഋതിക് ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. നായകവേഷത്തില്‍ ആദ്യമായി അഭിനയിച്ച ചിത്രം ‘കഹോ ന പ്യാര്‍ ഹേ’ ആണ്. 2000 ത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം വന്‍ വിജയമായിരുന്നു. ഇതിലെ അഭിനയത്തിന് മികച്ച നടനും, പുതുമുഖ നടനുമുള്ള ഫിലിംഫെയര്‍ അവാര്‍ഡും ഹൃത്വിക്കിന് ലഭിച്ചു. ‘കോയി മില്‍ ഗയ’, ‘ക്രിഷ്’, ‘ധൂം 2’ എന്നിവയാണ് താരത്തിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തെ ബോളിവുഡിലെ മുന്‍നിരനടന്മാരില്‍ ഒരാളാക്കുകയും ചെയ്തു. 1995ല്‍ ഇറങ്ങിയ ‘കരണ്‍ അര്‍ജുന്‍’ എന്ന ചിത്രത്തിലും 1997 ലെ ‘കോയ്‌ല’ എന്ന ചിത്രത്തിലും സഹസംവിധായകനായും ഋത്വിക് പ്രവര്‍ത്തിച്ചു.