വിവാഹവാര്‍ഷികത്തിന് സൂര്യയ്ക്ക് മോഹന്‍ലാലിന്റെ ‘സര്‍പ്രൈസ്’

September 14, 2018

സര്‍പ്രൈസുകള്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. വിവാഹവാര്‍ഷികത്തിന് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നല്‍കിയ സര്‍പ്രൈസിന്റെ ഞെട്ടലിലാണ് തമിഴ് ഗൊസ്റ്റാര്‍ സൂര്യ. സെപ്റ്റംബര്‍ 11 നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും പന്ത്രണ്ടാം വിവാഹവാര്‍ഷികം. അപ്രതീക്ഷിതമായിട്ടായിരുന്നു സൂര്യയ്ക്ക് മോഹന്‍ലാലിന്റെ സര്‍പ്രൈസ് ലഭിച്ചത്. ഇതിന്റെ ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷട്ടിങ്ങ് വേളയിലായിരുന്നു തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ സൂര്യ. മോഹന്‍ലാലും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിവാഹവാര്‍ഷികത്തിന് സൂര്യയ്ക്കായി പ്രത്യേക പാര്‍ട്ടി ഒരുക്കിയാണ് മോഹന്‍ലാല്‍ സര്‍പ്രൈസ് നല്‍കിയത്. ചെന്നൈയിലെ ലീല പാലസ് ഹോട്ടലില്‍വെച്ചായിരുന്നു സൂര്യയ്ക്കായുള്ള ലാലേട്ടന്റെ സര്‍പ്രൈസ് പാര്‍ട്ടി.

നിരവധി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കെ.വി ആനന്ദ്. ‘അയന്‍’, ‘കോ’, ‘മാട്രാന്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. കെ.വി ആനന്ദിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ചെന്നൈയിലാണ് പുരോഗമിക്കുന്നത്. ചിത്രത്തിനുവേണ്ടിയുള്ള മോഹന്‍ലാലിന്റെയും സൂര്യയുടെയും മേയ്ക്ക് ഓവര്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവയ്ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൂര്യ ആര്‍മി ഏജന്റായും മോഹന്‍ലാല്‍ ഒരു രാഷ്ട്രീയ നേതാവായും ചിത്രത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സായിഷയാണ് ചിത്രത്തിലെ പ്രധാന നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘യന്തിരന്‍ 2’, ‘കത്തി’ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘ജില്ല’ എന്ന സിനിമയ്ക്കു ശേഷം മോഹന്‍ലാല്‍ തമിഴില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ബിഗ് ബജറ്റ് ചിത്രത്തിനുണ്ട്.


ipt>