ആ ആറ് വിരലുകള്‍ ഇനി അവള്‍ക്ക് വേദനയാകില്ല; സ്വപ്നയ്ക്കായി പുതിയ ഷൂസ് ഒരുങ്ങുന്നു
സ്വപ്നയെ ഇന്ത്യയ്ക്ക് മറക്കാനാകില്ല. ജക്കാര്‍ത്തയില്‍വെച്ചു നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഒരു രാജ്യത്തിന്റെ മുഴുവന്‍ സ്വപ്നം സാക്ഷാത്കരിച്ചവളാണ് സ്വപ്ന ബര്മന്. ഹെപ്റ്റാത്തലണില്‍ ഇന്ത്യ ആദ്യ മെഡല്‍ നേടിയത് സ്വപ്ന ബര്‍മനിലൂടെയാണ്. ഇന്ത്യയുടെ ഭാഗ്യതാരമായി ജക്കാര്‍ത്തയിലെ ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങുമ്പോളും കണ്ണീരിന്റെ ഉപ്പുകലര്‍ന്ന ഒരു ജീവിതമുണ്ടായിരുന്നു സ്വപ്നയ്ക്ക് പറയാന്‍.
ജനനം മുതല്‍ക്കെ സ്വപ്നയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അവളുടെ കാലുകളില്‍ ആറ് വിരലുകളാണ്. സ്വപ്നയുടെ കാലിനെ പലരും കളിയാക്കിയെങ്കിലും അവളുടെ ആ ആറാം വിരലുകള്‍ തങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു ആ മാതാപിതാക്കളുടെ വിശ്വാസം. അവരുടെ വിശ്വാസത്തിന് മങ്ങലേറ്റില്ല. കുടുംബത്തില്‍ മാത്രമല്ല ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭാഗ്യമായി മാറി സ്വപ്ന ബര്മന്.
ഭാഗ്യവിരലുകള് എന്ന് മറ്റുള്ളവര്‍ വാഴ്ത്തിപ്പാടുമ്പോഴും ആ വിരലുകള്‍ സ്വപ്നയ്ക്ക് നല്കിയതത്രയും വേദനകളാണ്. അത്ലറ്റിക്സിലേക്ക് ഇറങ്ങിയതോടെ തന്റെ കാലിന് പാകമായ ഷൂ കിട്ടാതെ സ്വപ്ന പലപ്പോഴും ബുദ്ധിമുട്ടി. കിട്ടുന്ന ഷൂകളില്‍ പ്രയാസപ്പെട്ടിരിക്കുന്ന ആ വിരലുകള്‍ അവള്‍ക്ക് സമ്മാനിച്ചത് വേദനകള്‍ മാത്രം. ആ വേദനയിലും അവള് ഊര്‍ജ്ജം കണ്ടെത്തി. ഒരു വേദനയ്ക്കും തന്നെ തളര്‍ത്താനാവില്ലെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു അവള്‍ക്ക്. ശസ്ത്രക്രിയ ചെയ്ത് ആറാം വിരലുകള്‍ കളയാന്‍ പലരും ഉപദേശിച്ചപ്പോഴും അതിനെക്കുറിച്ചെല്ലാം ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്നായിരുന്നു സ്വപ്നയുടെ മറുപടി.
സ്വപ്നയുടെ ആറാം വിരലുകള്‍ നല്കുന്ന വേദനയ്ക്കും പരിഹാരമായിരിക്കുകയാണ് ഇപ്പോള്‍. അവളുടെ കാലിന് പാകമായ ഷൂ നിര്‍മ്മിക്കാന്‍ തയാറായിരിക്കുകയാണ് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്). സ്പോര്‍ട്സ് ഷൂസ് നിര്‍മ്മാണരംഗത്തെ മുന്‍നിരക്കാരായ നൈക് കമ്പനിയുമായി ഇതും സംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. സ്വപ്നയുടെ കാലുകള്‍ക്ക് ഇണങ്ങുന്ന തരത്തില്‍ ആറ് വിരലുകളും ഉള്‍ക്കൊള്ളുന്ന പ്രത്യേക ഷൂസ് നിര്‍മ്മിക്കാനാണ് പദ്ധതി. അഞ്ച് ഷൂകള്‍ ഉള്‍പ്പെടുന്ന കംപ്ലീറ്റ് സെറ്റ് സ്വപ്നയ്ക്ക് നല്‍കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. രാജ്യത്തിന് ചരിത്ര നേട്ടം സമ്മാനിച്ച വനിതയോടുള്ള ആദരവും സ്നേഹവും പ്രകടമാക്കുകയാണ് ഐസിഎഫ് തങ്ങളുടെ ഉദ്യമത്തിലൂടെ.
പശ്ചിമബംഗാളിലെ ജല്‍പയ്ഗുരിക്കാരനായ പഞ്ചനന് ബര്‍മനാണ് സ്വപ്നയുടെ പിതാവ്. ഒരു റിക്ഷാക്കാരനായ അദ്ദേഹം മകളെക്കുറിച്ച് കണ്ട സ്വപ്നങ്ങള്‍ക്ക് കടലോളം ആഴമുണ്ടായിരുന്നു. അയാള്‍ അവള്‍ക്ക് പേരിട്ടു സ്വപ്ന ബര്മന്. തേയില നുള്ളുന്ന ജോലി ചെയ്തിരുന്ന ബസാനയാണ് സ്വപ്നയുടെ മാതാവ്. സാമ്പത്തീകമായി ഒട്ടും ഭദ്രതയിലല്ല പഞ്ചനന്റെ കുടുംബം.ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവുമുണ്ട് സ്വപ്നയുടെ ചുമലില്‍.
ജക്കാര്‍ത്തയില്‍ ഏഷ്യന്‍ ഗെയിംസിലെ ഹെപ്റ്റാത്ത്ലണില് മത്സരിക്കുമ്പോള്‍ കടുത്ത പല്ലുവേദനയും സ്വപ്നയെ അലട്ടിയിരുന്നു. മത്സരത്തിലുടനീളം കവിളില്‍ ബാന്‍ഡേജ് ഒട്ടിച്ചാണ് സ്വപ്ന പോരാടിയത്. ഹെപ്റ്റാത്ത്ലണിലെ അവസാനയിനമായ 800 മീറ്ററില്‍ നാലാമതായി ഫിനിഷ് ചെയ്ത് 6,026 പോയിന്റുകളോടെയാണ് സ്വപ്ന സ്വര്‍ണ്ണം നേടിയത്. ജാവലിനിലും ഹൈജംപിലും ഒന്നാമതും ലോങ്ജംപിലും ഷോട്ട്പുട്ടിലും രണ്ടാമതുമെത്തിയ താരം സ്വര്ണമുറപ്പിക്കുകയായിരുന്നു. 800ല്‍ നാലാം സ്ഥാനം. 100ല്‍ അഞ്ചാമത്. 200ല്‍ ഏഴാമത് എന്നിങ്ങനെ സ്വപ്ന ഫിനിഷ് ചെയ്തു.
സ്കൂള്‍ മീറ്റില്‍ മത്സരിച്ചുകൊണ്ടാണ് സ്വപ്ന കായികരംഗത്തേക്ക് കടന്നെത്തിയത്. 2012 ലെ റാഞ്ചി സ്കൂള്‍ മീറ്റില്‍ ഹൈജംപ് പിറ്റില്‍നിന്ന് ഓടിയെത്തി 200 മീറ്ററിലും 400 മീറ്ററിലുമെല്ലാം കുതിക്കുന്ന സ്വപ്ന കാണികള്‍ക്ക് എന്നും ഒരു അത്ഭുതകാഴ്ചയാണ്. കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും സ്വപ്ന സ്വര്‍ണ്ണം നേടി. സ്വപ്ന ബര്‍മന്റെ കഴുത്തില്ക്കിടന്നു തിളങ്ങുന്ന സ്വര്‍ണ്ണമെഡലിന് പകിട്ട് കൂടുതലാണ്. പ്രതിസന്ധികളോടും വെല്ലുവിളുകളോടും വേദനകളോടും സ്വപ്ന നടത്തിയ പോരാട്ടത്തിന്റെ പകിട്ട് കൂടിയുണ്ട് ആ മെഡലിന്.
Congratulations Swapna Barman For winning Gold in Heptathlon. Despite battling the excruciating Chin injury, the super beat all odds to come out as a Champion. Super proud!#SwapnaBarman #AsianGames2018 pic.twitter.com/dWwgcVh2l3
— Geetika Swami (@SwamiGeetika) 29 August 2018