കൈയ്ക്ക് പൊട്ടലേറ്റിട്ടും ബാറ്റ് ചെയ്ത് തമീം; കൈയടിച്ച് ആരാധകര്‍

September 17, 2018

അധികം റണ്‍സ് ഒന്നും അടിച്ചുകൂട്ടിയില്ലെങ്കിലും തമീം ഇഖ്ബാലാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ താരം. കളിക്കാന്‍ ഇറങ്ങുമ്പോഴൊക്കെ തകര്‍പ്പന്‍ ബാറ്റിങ്ങുകൊണ്ട് ആരാധകരെ ആവേശത്തിലെത്തിക്കുന്ന ക്രിക്കറ്റ് താരമാണ് ബംഗ്ലാദേശ് ഓപ്പണര്‍ തമീം ഇഖ്ബാല്‍. ഏഷ്യ കപ്പില്‍
ഇടം കൈക്ക് പൊട്ടലേറ്റിട്ടും വലംകൈ മാത്രമുപയോഗിച്ച് ബാറ്റിങ് ചെയ്താണ് തമീം ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം പിടിച്ചത്.

ഗ്രൗണ്ടില്‍ ശ്രീലങ്കയും ബംഗ്ലാദേശും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. മത്സരത്തിലെ രണ്ടാം ഓവറില്‍ സുരംഗ ലക്മലിന്റെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു തമീമിന്റെ ഇടം കൈക്ക് സാരമായി പരിക്കേറ്റത്. ബംഗ്ലാദേശ് ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ബാറ്റ്‌സ്മാന്‍ ആയതുകൊണ്ടുതന്നെ തമീമിന്റെ പരിക്കില്‍ ആരാധകര്‍ ഭയന്നു. ഒമ്പതാം വിക്കറ്റും വീണതോടെ ബംഗ്ലാദേശിന്റെ പ്രതീക്ഷകള്‍ അസ്തമിച്ച മട്ടായി. എന്നാല്‍ പെട്ടെന്നായിരുന്നു തമീമിന്റെ തിരിച്ചുവരവ്. 47-ാം ഓവറില്‍ തമീം വീണ്ടും ക്രീസിലെത്തി. പ്രതീക്ഷ മങ്ങിയ ടീമിനും ആരാധകര്‍ക്കും ആവേശത്തിന്റെ നിമിഷമായിരുന്നു അത്.

ഒരു പന്ത് മാത്രമേ തമീമിന് നേരിണ്ടേണ്ടി വന്നൊള്ളു. എന്നാല്‍ തമീമിനെ കൂട്ടുപിടിച്ച് മുഷ്ഫിഖുര്‍ റഹീം അടിച്ചു തകര്‍ത്തു (144 റണ്‍സ്). അവസാനത്തെ മൂന്ന് ഓവറുകളിലായി 32 റണ്‍സാണ് മുഷ്ഫിഖുര്‍ അടിച്ചെടുത്തത്. വേദനയിലും ചോര്‍ന്നുപോകാത്ത മനോധൈര്യത്തെ കൂട്ടുപിടിച്ച് തമീമും ഒപ്പം നിന്നും. രണ്ട് റണ്‍സാണ് തമീം എടുത്തത്. ഈ രണ്ട് റണ്‍സിനും അദ്ദേഹത്തിന്റെ മനസാന്നിധ്യത്തിനുമായിരുന്നു ആരാധകര്‍ ഒന്നടങ്കം കൈയടിച്ചത്.

ഉദ്ഘാടനമത്സരത്തില്‍ ബംഗ്ലാദേശ് ജയിച്ചെങ്കിലും ആറ് ആഴ്ചത്തെ വിശ്രമമാണ് തമീമിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.