അറിവിന്റെ വെളിച്ചം മുതല്‍ സ്വന്തം പറമ്പിലെ കപ്പ വരെ നല്‍കിയ അധ്യാപകര്‍; പ്രിയപ്പെട്ട അധ്യാപകരെ ഓര്‍ത്തെടുത്ത് വിദ്യാര്‍ത്ഥികളും

September 5, 2018

ഈ അധ്യാപകദിനത്തില്‍ തങ്ങള്‍ക്കേറ്റവും പ്രീയപ്പെട്ട അധ്യാപകരെ ഓര്‍ത്തെടുക്കുകയാണ് വിദ്യാര്‍ത്ഥികളില്‍ പലരും. പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച് ഓരോരുത്തര്‍ക്കും പറയാനുണ്ട് ഒരായിരം ഓര്‍മ്മകള്‍. പവിത്രമായ ഗുരുശിഷ്യ ബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളാണ് ഓരോ ഓര്‍മ്മക്കുറിപ്പുകളും. പഠിച്ച സ്‌കൂളില്‍ നിന്നും വിഷമത്തോടെ പടിയിറങ്ങാന്‍ നേരം ക്ലാസിലെ മുഴുവന്‍ കുട്ടികളെയും ക്ലാസില്‍ കൊണ്ടുപോയി സ്വന്തം പറമ്പില്‍ വിയര്‍ത്തു നട്ട കപ്പയും ഇറച്ചിക്കറിയും നല്‍കിയ എം.സി. മുഹമ്മദ് മാഷിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ചത് എംജെഎച്ച്എസ്എസ് വട്ടോളി സ്‌കൂളില്‍ 2011 ലെ പത്താംക്ലാസ് ബാച്ചിലെ വിദ്യാര്‍ത്ഥിനി ജാസ്മിനാണ്.

ജാസ്മിന്‍ പങ്കുവെച്ച ഓര്‍മ്മക്കുറിപ്പ് ഇങ്ങനെ
Mjhss എളേറ്റില്‍ വട്ടോളി സ്‌കൂള്‍,10’th j 2011 ല്‍ എന്റെ ക്ലാസ്സ് അദ്ധ്യാപകന്‍ ആയിരുന്ന m.c മുഹമ്മദ് സര്‍….
ഞങ്ങളെ മക്കളെ പോലെ സ്‌നേഹിച്ച അദ്ധ്യാപകന്‍.. ഹിന്ദി വാക്ക് കൊണ്ട് ചാകര തീര്‍ക്കുന്ന സാര്‍ .. ഞങ്ങള്‍ 3 കൂട്ടുകാരികളെ ത്രിമൂര്‍ത്തികള്‍ എന്ന് ചെല്ല പേരിട്ടു വിളിച്ച സാര്‍.. പാട്ട്, പഠനം , തമാശകള്‍, ഇടക്ക് കുരുത്തക്കേട് കളിക്കുന്നവരേ ചൂരല്‍ കൊണ്ട് നല്ല അടി കൊടുത്ത സര്‍.. എനിക്കും എന്റെ കൂട്ടുകാരി ഫെമി ക്കും വരാന്തയില്‍ ഇറങ്ങിയതിനു വേറെ ഒരു സാറിനോട് അടി കിട്ടിയപ്പോള്‍ കരഞ്ഞു പരാതി പറഞ്ഞപ്പോള്‍ ഞങ്ങളെ അച്ഛനെ പോലെ ആശ്വസിപ്പിച്ച സാര്‍.. അവസാനം നിറക്കണ്ണാലെ എംജെ യുടെ പടിയിറങ്ങിയപ്പോള്‍..സാര്‍ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളെയും വിളിച്ചു സ്വന്തം പറമ്പില്‍ വിയര്‍ത്തു നട്ട കപ്പയും ഇറച്ചി കറിയും തന്ന സാറിനെ മറക്കാന്‍ പറ്റുമോ.. അവസാനമായി കണ്ടത് എന്റെ കല്യാണത്തിന് വന്നപ്പോള്‍ ആയിരുന്നു.. ഇന്നും mjhss ല്‍ അദ്ധ്യാപകനായി തുടരുന്ന ഞങ്ങളുടെ എംസി സര്‍ നെ മറക്കില്ല ഒരിക്കലും… ഇനിയും ആരോഗ്യത്തോടെ ആയുസ്സോടെ എത്രയോ ജന്മങ്ങള്‍ക് അറിവ് പകരാന്‍ കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു…
എന്ന്,
ജാസ്മിന്‍

പരീക്ഷ ഫീസ് കൊടുക്കാന്‍ ഇല്ലാതിരുന്നപ്പോള്‍ പണം നല്‍കി സഹായിച്ച സ്‌കൂളില്‍ നിന്നും യൂണിഫോമും കുടയും പുസ്തകവുമെല്ലാം വാങ്ങിത്തന്ന ഉമ്മമനസ്സുള്ള ടീച്ചറിനെക്കുറിച്ചുള്ള ഓര്‍മ്മ റഫീഖ് മുട്ടഞ്ചേരി ഓര്‍ത്തെടുത്തിട്ടുണ്ട്.

റഫീഖ് പങ്കുവെച്ച ഓര്‍മ്മ
‘എട്ടാം ക്ലാസ് മുതലാണ് ഇവിടെയെത്തിയത് അത് മുതലാണ് അവിടെ ഉള്ളതും. അവിടെ പലരെയും കണ്ടിട്ടുണ്ട്, പരിചയപ്പെട്ടിട്ടുണ്ട്, പലരോടും ഇണങ്ങിയിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്. പല അധ്യാപകരും ഓര്‍ത്തുവെക്കാന്‍ ഒന്നും നല്‍കാതെ മനസ്സിലൂടെ കയറി ഇറങ്ങിയിട്ടുണ്ട് യാത്ര പോലും പറയാതെ. അവിടെയും ഉണ്ടായിരുന്നു കരുണ വറ്റാത്ത മനസുമായ് ഒരു ജീവന്‍. എന്നെ കണ്ട് പരിചയപ്പെട്ട നാള്‍ മുതല്‍ എന്റെ കുറവുകള്‍ നികത്തുന്ന ഉമ്മ മനസ്സുള്ള ടീച്ചര്‍. ക്ലാസ്സില്‍ വൃകൃതി കളിക്കുന്ന കുട്ടികളുടെ ലിസ്റ്റില്‍ എന്റെയും പേര് ക്ലാസ് ലീഡര്‍ എഴുതിയത് മുതല്‍ ആ ജോലി എന്നെ ഏല്‍പ്പിച്ച ടീച്ചര്‍, സ്‌കൂള്‍ ബസ്സിന് പൈസ കൊടുക്കാന്‍ ഇല്ലാത്തപ്പോയും, പരീക്ഷാഫീസ് അടക്കാനില്ലാത്തപ്പോഴും അത് തന്ന് സഹായിച്ച (ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കണം എന്ന് ആദ്യം പഠിപ്പിച്ച)ടീച്ചര്‍. സ്‌കൂളില്‍ നിന്നും യൂണിഫോമും, കുടയും, പുസ്തകവും വാങ്ങി തന്ന നല്ല മനസ്സ്. എന്റെ ജീവിതത്തിന്റെ ഉയര്‍ച്ച കാണാന്‍ എന്റെ വീട്ടുകാരെ പോലെ ആഗ്രഹിച്ച അദ്ധ്യാപിക. അന്ന് അവര്‍ തന്ന പൈസ ഇന്ന് തിരിച്ചു കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ടല്ല. ചില കടങ്ങള്‍ വീട്ടാന്‍ ഉള്ളതല്ല. ചില ഓര്‍മ്മകള്‍ക്ക് മരണവുമില്ല

ടീച്ചറെ…നിങ്ങളെ ഓര്‍ക്കാന്‍ എനിക്ക് ഒരു അധ്യാപകദിനം വേണ്ട കാരണം നിങ്ങളാണ് എന്നെ ജീവിക്കാന്‍ പഠിപ്പിച്ചത്. നിങ്ങളുടെ കരുണ വറ്റാത്ത മനസാണ് ഞാന്‍ ആദ്യം പഠിച്ചത്. അന്ന് ജാതിയോ,മതമോ നോക്കി അല്ല ഞങ്ങള്‍ സഹപാഠികളെ സ്‌നേഹിച്ചത്. നിങ്ങള്‍ ഇത് കാണും,വായിക്കും എന്നെനിക്ക് ഉറപ്പുണ്ട് അപ്പോഴും നിങ്ങള്‍ക്ക് എന്നെ മനസ്സിലാവണം എന്നില്ല. ഒരു ക്ലാസ്സിലും മുന്‍ ബെഞ്ചിലിരുന്ന് നല്ല മാര്‍ക്കോട് കൂടി ജയിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ ഞാന്‍ ഉണ്ടായിട്ടില്ല.

പരിമിതമായ സമയത്തില്‍ ജീവിതം ഓടി തീര്‍ക്കുന്ന തിരക്കില്‍ നിന്നും ഒരിക്കല്‍ കൂടി ഞാന്‍ ആ കവാടം കടന്നു വരുന്നുണ്ട്. പഠിക്കാനല്ല, പഠിപ്പിക്കാനുമല്ല, എന്നെ പഠിപ്പിച്ച നിങ്ങളെയും മറ്റു അധ്യാപകരെയും കാണാന്‍ അന്ന് ഒരു പക്ഷേ നിങ്ങള്‍ക്ക് എന്നെ മനസ്സിലാവില്ല കാരണം എന്റെ ബാല്യം എന്നില്‍ നിന്നും യാത്ര പറഞ്ഞിട്ടുണ്ടാവും. ഇന്നു ഞാന്‍ നല്ല നിലയിലാണ് ജീവിതം പച്ചപിടിച്ചു തുടങ്ങിയിട്ടുമുണ്ട്. ജീവിതം എത്ര ഉയരങ്ങളില്‍ എത്തിയാലും അതിന്റെ അടിത്തറ നിങ്ങളാണ്.മറക്കില്ല മരിക്കുവോളം പ്രാര്‍ത്ഥയും സ്‌നേഹവും എന്നും ഉണ്ടാവും’
റഫീഖ് മുട്ടാഞ്ചേരി
Chakkalakkal Hss Madavoor
Swapna Vinod

‘എന്റെ അക്ഷരവീഥികളില്‍ കരുത്തേകിയ അമ്മ തന്നെയായിരുന്നു എന്റെ ആദ്യ അധ്യാപിക എന്നതാണ് നിധിന്‍ ജോസ് പങ്കുവെച്ച അധ്യാപക ഓര്‍മ്മ

നിധിന്റെ കുറിപ്പ്

നമ്മുടെയൊക്കെ ജീവിതത്തിന്റെ താളുകള്‍ മറിക്കുമ്പോള്‍ അവിടെ എന്നും പച്ചപ്പോടെ പൂത്തുലഞ്ഞു നില്‍കുന്ന കുറെ ഓര്‍മ്മകളുണ്ടായും .അതില്‍ ആദ്യം എത്തുക ആദ്യം പഠിച്ച വിദ്യാലയവും അവിടുത്തെ മധുര സ്മരണകളുമാവും
എന്റെ അമ്മ ആന്‍സമ്മ ജോസ് അധ്യാപികയായിരുന്നു..ഞാന്‍ എല്‍ കെ ജി യില്‍ ചേരുന്നതും അമ്മയുടെ സ്‌കൂളിനോട് ചേര്‍ന്നുള്ള നേഴ്‌സറി സ്‌കൂളിലായിരുന്നു .മടിപിടിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്.അമ്മയല്ലാതെ മറ്റൊരു സുഹൃത്ത് /പരിചയക്കാരി എനിക്ക് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല . ദിവസങ്ങള്‍ കഴിഞ്ഞു ..
എന്നിട്ടും എന്റെ കരച്ചിലിന് കുറവ് വന്നില്ല  ‘അമ്മയെ കാണണം ”എന്ന് വാശിപിടിച്ച എന്നെ , സഹിക്ക വയ്യാതെ അന്നത്തെ സ്‌കൂള്‍ ടീച്ചര്‍ സാവുളമ്മ എന്നെ അവിടുന്ന് ;രക്ഷപെടുത്തി. അങ്ങനെ അവിടുന്ന് നേരെ ഇറങ്ങി അമ്മേടെ സ്‌കൂളിലേക്ക് ഒറ്റ ചാട്ടം! ഒടുവില്‍ ഞാന്‍ അക്ഷരങ്ങളും മറ്റും പഠിച്ചത് എന്റെ അമ്മ പഠിപ്പിക്കുന്ന ഒന്നാം ക്ലാസ്സില്‍ വെച്ചായിരുന്നു.. അവിടെ അമ്മയുടെ കസേരയില്‍ ഇരിക്കുമ്പോള്‍ ഞാന്‍ അവരുടെ ‘കൊച്ചു സാറായിരുന്നു ‘..
കേട്ടെഴുത്ത് ഇടുമ്പോള്‍ കുട്ട്കള്‍ക്ക് ‘ശരി’ ഇടുക എന്നാ ഡ്യൂട്ടിയും അമ്മ എനിക്ക് നല്‍കി അങ്ങനെ എന്റെ അക്ഷരവീഥികളില്‍ കരുത്തേകിയ അമ്മ തന്നെയായിരുന്നു എന്റെ ആദ്യ അധ്യാപിക  കൊരട്ടി സെന്റ മേരീസ് യു പി സ്‌കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത അമ്മ സുഖമായി ഇരിക്കുന്നു…

തന്റെ ഓരോ ജന്മദിനങ്ങളിലും മുടങ്ങാതെ ആശംകള്‍ നേരുന്ന കാസര്‍ഗോഡ് പിബിഎംഇ എച്ച്എസ്എസിലെ ശ്രീകലടീച്ചറിനെയും രാജേഷ് സാറിനേയും നജീബ് മുഹമ്മദും അധ്യാപകദിനത്തില്‍ ഓര്‍ത്തെടുത്തു. ഒരു ക്ഷമാപണം കൊണ്ട് ജീവിതം മാറ്റിമറിച്ച റഹീസ എന്ന അധ്യാപികയെ ഓര്‍ത്തെടുത്ത് ഷംസുദ്ദീന്‍ പൊന്നേത്തും തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിട്ടുണ്ട്.

പഠനം പ്ലസ് ടുവെര മാത്രം മതിയെന്ന് കരുതി വിദ്യാലയത്തില്‍ നിന്നും പടിയിറങ്ങിയപ്പോള്‍ തിരിച്ചുവിളിച്ച അധ്യാപികയുടെ ഓര്‍മ്മയാണ് ആല്‍ബിന്‍ തോമസ് പങ്കുവെച്ചത്

ആല്‍ബിന്റെ കുറിപ്പ്
‘ജീവിതത്തില്‍ പഠനം പ്ലസ് ടു വരെ മാത്രം എന്ന് വിചാരിച്ചു സ്‌കൂളില്‍ നിന്നും പടിയിറങ്ങി പോകാന്‍ നില്‍ക്കുന്ന അവസരം… തിരിച്ചുവിളിച്ചു വീണ്ടും ഒരു അവസരം വെച്ച്‌നീട്ടി… അന്ന് ടീച്ചര്‍ വിളിച്ചതു പുതിയൊരു ജീവിതത്തിലേക്ക് ആയിരുന്നു. എല്ലാം അവിടം കൊണ്ട് അവസാനിച്ചു എന്ന് വിചാരിച്ച 16 വയസ്സ് മാത്രം പ്രായമുള്ള തിരിച്ചറിവ് ഉദിക്കാത്ത ആ പയ്യനെ ഒരു ലക്ഷ്യബോധം തന്ന് അറിവിന്റെ ലോകത്ത് വീണ്ടും പറിച്ചുനട്ട ആ ടീച്ചറെ എനിക്കൊരിക്കലും മറക്കാനാവില്ല’.
ടീച്ചറെ ഒരുപാട് സ്‌നേഹത്തോടെ ഓര്‍ക്കുന്നു. ശ്രീജ ടീച്ചര്‍. ഇരിട്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ഇരിട്ടി

പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ നിങ്ങള്‍ക്കും പങ്കുവെയ്ക്കാം.