‘ദ് നണ്‍’; ഭയപ്പെടുത്തിയ പ്രേതാലയത്തിന്റെ മെയ്ക്കിങ് വീഡിയോ കാണാം

September 7, 2018

ട്രെയിലര്‍ കൊണ്ടുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഭയം ജനിപ്പിച്ച ചിത്രമാണ് ‘ദ് നണ്‍’. ഈ ഹൊറര്‍ ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ട്രെയിലറിലെ പ്രേതാലയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ് ഈ പ്രേതാലയം. റൊമാനിയയിലെ കൊട്ടാരങ്ങളും ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളാണ്.

അനേകം വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ് നണിലെ മുഖ്യ പ്രമേയം. ഏറെ ശ്രദ്ധിക്കപ്പെട്ട ഹൊറര്‍ മൂവി ‘കണ്‍ജറിങ് 2’ ലെ വലാക് എന്ന കന്യാസ്ത്രീയെ ആസ്പദമാക്കിയാണ് ദ് നണ്‍ ഒരുക്കുന്നത്. ജെയിംസ് വാന്‍ ആയിരുന്നു കണ്‍ജറിങ് 2 ന്റെ സംവിധായകന്‍. വലാക് എന്ന കന്യാസ്ത്രീ കഥാപത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ചിത്രത്തില്‍. അഭിനയം കൊണ്ടും മേയ്ക്കപ്പ് കൊണ്ടും പ്രേക്ഷകരെ അങ്ങേയറ്റം പേടിപ്പിക്കാന്‍ ഈ ചിത്രത്തിനു സാധിച്ചിരുന്നു.

ഈ കന്യാസ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട കഥയാണ് ദ് നണ്‍ പറയുന്നത്. കണ്‍ജറിങ് 2 ല്‍ കന്യാസ്ത്രീയായി വേഷമിട്ട ബോണി ആരോണ്‍സാണ് ദ് നണിലും കന്യാസ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കോറിന്‍ ഹാര്‍ഡിയാണ് ചിത്രത്തിന്റെ സംവിധാനം.