ഗള്‍ഫു നാടുകളില്‍ ചരിത്രം കുറിക്കാന്‍ ഒരുങ്ങി തീവണ്ടി; റിലീസ് തീയതികള്‍ പ്രഖ്യാപിച്ചു

September 12, 2018

ജിസിസി രാജ്യങ്ങളിലും ചരിത്ര വിജയം കൊയ്യാനൊരുങ്ങുകയാണ് ടൊവിനോ നായകനായെത്തിയ ‘തീവണ്ടി’ സെപ്റ്റംബര്‍ 13 ന് ചിത്രം യുഎഇ, ജിസിസി സെന്ററുകളിലും പ്രദര്‍ശനത്തിനെത്തും. ഇതു കൂടാതെ ഈ മാസം 16 ന് തീവണ്ടി ഏഷ്യ പസഫിക് സെന്ററുകളിലും പ്രദര്‍ശനത്തിനെത്തും.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി മുന്നേറുന്നത്.

മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെ പൂര്‍ത്തിയാക്കുന്ന ചിത്രമായി തീവണ്ടി മാറി. മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് തീവണ്ടി കേരളത്തിലെ തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ടൊവിനോയ്ക്ക് അഭിന്ദനമറിയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ പോലെതന്നെ ഗള്‍ഫ്രാജ്യങ്ങളിലും തീയറ്ററുകള്‍ കീഴടക്കാന്‍ സാധിക്കുമെന്നാണ് തീവണ്ടിയുടെ അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.