ലോകകപ്പ് കാണാനെത്തി; മലയാളിക്ക് അടിച്ചത് രണ്ട് കോടിയുടെ ലോട്ടറി

November 27, 2022

ഖത്തർ ലോകകപ്പ് മത്സരങ്ങൾ കാണുകയെന്നത്‌ ഒരുപാട് ആളുകളുടെ വലിയ ആഗ്രഹമായിരുന്നു. ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് മലയാളികൾക്ക് ഏറ്റവും എളുപ്പത്തിൽ പങ്കെടുക്കാൻ കഴിയുന്ന ഒരു ലോകകപ്പ് കൂടിയാണിത്. ഖത്തറിലും മറ്റ് അറബ് രാജ്യങ്ങളിലുമൊക്കെ ഏറെ മലയാളികൾ വർഷങ്ങളായി ജോലി ചെയ്യുന്നുണ്ട്. ഇവരിൽ പലരും ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങൾ കാണാനായി കൂട്ടത്തോടെ ഖത്തറിലുണ്ട്.

ഇപ്പോൾ യുഎഇയിൽ നിന്ന് ലോകകപ്പ് കാണാൻ ഖത്തറിലെത്തിയ ഒരു മലയാളിയുടെ കൗതുകമുണർത്തുന്ന ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ലോകകപ്പ് കാണുക എന്ന ആഗ്രഹ സഫലീകരണത്തിനൊപ്പം വമ്പൻ ലോട്ടറി കൂടി അടിച്ച് ഭാഗ്യം വന്ന വഴിയിൽ ഞെട്ടിയിരിക്കുകയാണ് മലയാളിയായ ഹരി ജയറാം. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഹരി ജയറാമാണ് വിജയി. പത്ത് ലക്ഷം ദിർഹം അഥവാ രണ്ട് കോടിയിലേറെ രൂപയാണ് ഹരിക്ക് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ലോകകപ്പ് കാണാൻ യുഎഇയിൽ നിന്ന് ഖത്തറിലെത്തിയപ്പോഴാണ് ഹരി ഈ സന്തോഷ വാർത്ത അറിയുന്നത്. കഴിഞ്ഞ എട്ട് വർഷമായി യുഎഇയിൽ താമസിക്കുകയാണ് ഹരി. ഒന്നര വർഷമായി രണ്ട് സുഹൃത്തുക്കളുമായി ചേർന്നാണ് ഹരി ബിഗ് ടിക്കറ്റ് വാങ്ങി തുടങ്ങിയത്. യുഎഇയിൽ ഹോട്ടൽ മാനേജരായി പ്രവർത്തിക്കുകയാണ് ഇദ്ദേഹം.

Read More: 12 ദിവസം തുടർച്ചയായി വട്ടത്തിൽ നടന്ന് നൂറുകണക്കിന് ആടുകൾ- അപൂർവ സംഭവത്തിന്റെ ചുരുളഴിയുമ്പോൾ..

അതേ സമയം രാത്രി 12.30 ന് നടക്കുന്ന ജർമ്മനി-സ്പെയിൻ പോരാട്ടമാണ് ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരം. മുൻ ലോകചാമ്പ്യന്മാരായ ജർമ്മനിക്ക് ഇന്ന് ജീവന്മരണ പോരാട്ടമാണ്. സ്പെയിനിനെതിരെ ഇറങ്ങുന്ന ജർമ്മൻ ടീമിന് ഇന്ന് ജയിച്ചേ തീരൂ. സമനില പോലും ടീമിന്റെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കും. കഴിഞ്ഞ തവണ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായ ജർമ്മനിക്ക് ഇത്തവണ ആ നാണക്കേട് ഒഴിവാക്കേണ്ടതുണ്ട്. മറുഭാഗത്ത് സ്പെയിൻ കരുത്തരാണ്. രണ്ട് മുൻ ലോകചാമ്പ്യന്മാരാണ് ഇരു ടീമുകളും എന്നത് തന്നെയാണ് ഈ മത്സരത്തിന്റെ ആവേശം ഉയർത്തുന്നത്.

Story Highlights: Malayali lottery winner at uae