‘തീവണ്ടി’യെ അഭിനന്ദിച്ച് ശ്രീകുമാര്‍ മേനോന്‍; കിടിലന്‍ മറുപടിയുമായി ടൊവിനോ

September 11, 2018

ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയുന്നതില്‍ മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസിനുള്ള മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്. തീവണ്ടിയെ അഭിനന്ദിച്ച സംവിധായകന്‍ ശ്രീകുമാര്‍ മോനോനും നല്ല തകര്‍പ്പന്‍ മറുപടി നല്‍കിയിരിക്കുകയാണ് ടൊവിനോ തോമസ്.

‘അഭിനന്ദനങ്ങള്‍ ടൊവിനോ. തീവണ്ടിയെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് എല്ലായിടത്തും. നിങ്ങളുടെ കഴിവും പ്രതിഭയും അര്‍ഹിക്കുന്ന ഇടത്തേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ’ ടൊവിനോ തോമസിനെ അഭിനന്ദിച്ച് ശ്രീകുമാര്‍ മേനോന്‍ ഇങ്ങനെ കുറിച്ചു. ‘ഇടിക്കട്ട വെയ്റ്റിങ് ഫോര്‍ ഒടിയന്‍’ എന്നായിരുന്നു ടൊവിനോയുടെ തകര്‍പ്പന്‍ മറുപടി.

നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് തീവണ്ടി. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്. മികച്ച പ്രതികരണത്തോടെയാണ് തീയറ്ററുകളില്‍ തീവണ്ടി  മുന്നേറുന്നത്. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെ പൂര്‍ത്തിയാക്കുന്ന ചിത്രമായി തീവണ്ടി മാറി.