‘വിനോദ സഞ്ചാരിയായി വന്നു, രക്ഷകരായി തിരിച്ചുപോയി’…
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളക്കരയ്ക്ക് സഹായ ഹസ്തവുമായി എത്തിയ വിദേശികളെയടക്കം നിരവധി ആളുകളെ നാം ഇതിനോടകം കണ്ടിരുന്നു. എന്നാൽ കേരളത്തിന്റെ പച്ചപ്പും ഹരിതാപവും ആസ്വദിക്കുന്നതിനായി ഇംഗ്ലണ്ടിൽ നിന്നും എത്തിയ ഒരു കൂട്ടം വിനോദ സഞ്ചാരികളാണ് ഇപ്പോൾ താരമായി മാറിയിരിക്കുന്നത്. ഇന്ത്യയിൽ എത്തിയ ഇവർ കേരളത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാനായി പ്രകൃതി അതി മനോഹാരിയായി നിൽക്കുന്ന ഇടുക്കിയിൽ എത്തിയതായിരുന്നു. എന്നാൽ അപ്പോഴാണ് പ്രളയം ബാക്കി വച്ച ദുരിതങ്ങൾ പേറുന്ന ആളുകളെ ഇവർ അവിടെ കണ്ടു മുട്ടിയത് പിന്നീട് മറ്റൊന്നും ചിന്തിച്ചില്ല. കേരളത്തിന് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യാനായി മുന്നോട്ട് വരുകയായിരുന്നു ഈ വിനോദ സഞ്ചാരികൾ.
പ്രകൃതി ഭംഗി കൊണ്ടും ആഥിത്യ മര്യാദകൊണ്ടും ലോകമെങ്ങും കേൾവികേട്ട സ്ഥലമാണ് കേരളം. കേരളത്തെ അറിയുന്നതിനും കാണുന്നതിനും ആസ്വാദിക്കുന്നതിനായി ഇംഗ്ലണ്ടിൽ നിന്നും എത്തിയ എമ്മ പ്ലെയ്സണും മാറിതാക് ജോണും മറ്റ് നാല് സുഹൃത്തുക്കളുമാണ് കേരളത്തിന് രക്ഷകരായി മാറിയത്. പ്രളയത്തിന്റെ ദുരിതത്തിൽ കഴിയുന്ന കേരളത്തിലെ ജനങ്ങൾക്ക് സഹായം നല്കുന്നതിനായി സ്വന്തമായി ഒരു ഓട്ടോറിക്ഷ വാടകയ്ക്കെടുത്ത് ഭക്ഷ്യ സാധനങ്ങളുമായി യാത്രനടത്തി ആവശ്യമുള്ളവരെ കണ്ടെത്തി സാധങ്ങൾ സൗജന്യമായി വിതരണം നടത്തുകയായിരുന്നു ഈ ആറംഗ സംഘം.
അവശ്യസാധനങ്ങൾ നൽകി ആളുകളെ സഹായിക്കുന്നതിനൊപ്പം നിരവധി സാമൂഹ്യ പ്രവർത്തങ്ങളിലും ഇവർ പങ്കാളികളായി. നിരവധി സ്കൂളുകളിലും ക്യാമ്പുകളിലും സാധനങ്ങൾക്കൊപ്പം കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങളും ഇവർ എത്തിച്ച് നൽകി. കേരളത്തിൽ വിനോദ സഞ്ചാരികളായി എത്തിയ ഈ സംഘം പിന്നീട് കേരളക്കരയെ തൊട്ടറിയുന്ന കേരളത്തിന്റെ രക്ഷകരായാണ് തിരിച്ചുപോയത്..