ആടിന് ശേഷം ജയസൂര്യയുടെ ‘ടർബോ പീറ്ററു’മായി മിഥുൻ മാനുവൽ
‘ആട്’, ‘ആന്മരിയ കലിപ്പിലാണ്’, ‘അലമാര’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനും തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സൂപ്പർ താരം ജയസൂര്യ നായകനായി എത്തുന്ന ചത്രത്തിന്റെ പേര് ‘ടർബോ പീറ്റർ’ ആണ്. ഏബൽ ക്രിയേറ്റീവ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
കോട്ടയം കുഞ്ഞച്ചൻ, ആട് 3 , ജയസൂര്യ പ്രോജക്ട് തുടങ്ങി നിരവധി ചിത്രങ്ങളാണ് മിഥുൻ മാനുവൽ തോമസിന്റേതായി പുറത്തിറങ്ങാനുള്ളത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന അള്ള് രാമേന്ദ്രനും ഈ വർഷം ഷൂട്ടിങ് തുടങ്ങും. കുഞ്ചാക്കോ ബോബനാണ് അള്ള് രാമേന്ദ്രനിൽ നായകനായി എത്തുന്നത്. മമ്മൂട്ടിയെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ-2 ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ആട് സീരീസ് നിർമിച്ച ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു തന്നെയാണ് കോട്ടയം കുഞ്ഞച്ചന്റെ പുതിയ പതിപ്പും നിർമ്മിക്കുന്നത്. ആട് 2 വിന്റെ വിജയാഘോഷ വേളയിൽ മമ്മൂട്ടിയും വിജയ് ബാബുവും ചേർന്നാണ്കോട്ടയം കുഞ്ഞച്ചൻ 2 പ്രഖ്യാപിച്ചത്.
അതേസമയം കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയുടെ പകർപ്പവകാശം നൽകാനാവില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാവായ അരോമ മണി അറിയിച്ചിരുന്നു. കോട്ടയം കുഞ്ഞച്ചൻ 2 എന്ന രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിലാണ് ആദ്യ ഭാഗത്തിന്റെ പകർപ്പവകാശം ആർക്കും കൈമാറിയിട്ടില്ലെന്ന് നിർമാതാവായ അരോമ മണി വ്യക്തമാക്കിയത്. മമ്മൂട്ടി തന്നെ നായകനായി കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗമൊരുക്കുമെന്ന് നിർമ്മാതാവായ വിജയ് ബാബു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിമർശനവുമായി അരോമ മണി എത്തിയത്. അതിനാൽ മിഥുൻ മനുവലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന കോട്ടയം കുഞ്ഞച്ചൻ ഉടൻ ആരംഭിക്കുകയില്ല.
എന്നാൽ കുറഞ്ഞ സിനിമകളിലൂടെ മലയാള സിനിമയിലെ ഒഴിച്ച് കൂടാനാവാത്ത സംവിധായകരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട താരമാണ് മിഥുൻ മാനുവൽ. മലയാളത്തിലെ മികച്ച അഭിനയ പ്രതിഭയുമായി ചേർന്ന് മിഥുൻ നിർമ്മിക്കുന്ന അടുത്ത ചിത്രം മലയാള സിനിമ ചരിത്രത്തിലെ പുതിയൊരു അത്ഭുതമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ടർബോ പീറ്ററെ കാത്തിരിക്കുന്നത്.